ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മുതല്‍ കോളേജ് അധ്യാപകര്‍ വരെ പട്ടികയില്‍; കര്‍ശന നടപടി വേണമെന്ന് ധനവകുപ്പ്

സംസ്ഥാനത്തെ സാധാരണക്കാര്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന 1600 രൂപയുടെ ക്ഷേമപെന്‍ഷനിലും കയ്യിട്ടുവാരി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. 1458 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നതായാണ് കണ്ടെത്തല്‍. ധനവകുപ്പിന്റെ നിര്‍ദേശപ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

ഗസറ്റഡ് ഉദ്യോഗസ്ഥരും കോളേജ് പ്രൊഫസര്‍മാര്‍ വരെ ഇത്തരത്തില്‍ അനധികൃതമായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഹയര്‍ സെക്കണ്ടറി അധ്യാപകരും പട്ടികയിലുണ്ട്. ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന രണ്ട് അസിസ്റ്റന്റ് കോളേജ് പ്രൊഫസര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ കോളേജിലാണ് ജോലി എടുക്കുന്നത്. മറ്റൊരാള്‍ പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ കോളേജിലും. ഹയര്‍ സെക്കണ്ടറി അധ്യാപകരായ മൂന്നു പേരാണ് പെന്‍ഷന്‍ വാങ്ങുന്നത്.

ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അനധികൃതമായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. 373 പേര്‍. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224, മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124, ആയൂര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും, മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും, പൊതു മരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ട്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46, ഹോമിയോപ്പതി വകുപ്പില്‍ 41 . കൃഷി, റവന്യു വകുപ്പുകളില്‍ 35 പേര്‍ വീതവും, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റീസ് വകുപ്പില്‍ 34 ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27, ഹോമിയോപ്പതിയില്‍ 25 ഉദ്യോഗസ്ഥരും ക്ഷേമ പെന്‍ഷന്‍ കൈപറ്റുന്നു. പോലീസില്‍ 10 പേരാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇങ്ങനെ സംസ്ഥാനത്തെ ഒട്ടുമിക്ക വകുപ്പുകളിലെ ജീവനക്കാരും തട്ടിപ്പ് നടത്തുന്നുണ്ട്.

അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കണമെന്ന നിര്‍ദേശം ധനവകുപ്പ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ തുടരാനാണ് തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top