ക്ഷേമപെന്‍ഷന്‍ കുടിശിക സര്‍ക്കാരിന് തലവേദന; ജോസഫിന്റെ മൃതദേഹവുമായി പ്രതിഷേധം; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ബാധ്യതകള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ ഏറെ പാടുപെടേണ്ടി വരും
തിരുവനന്തപുരം : ഭിന്നശേഷിക്കാരനായ കോഴിക്കോട് – ചക്കിട്ടപാറ സ്വദേശി ജോസഫ് (77) ക്ഷേമപെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് അത്മഹത്യ ചെയ്തത് സമൂഹമനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. 15 ദിവസത്തിനകം പെന്‍ഷന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജോസഫ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പെരുവണ്ണാംമൂഴി പോലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടിയുമുണ്ടായില്ല. പെന്‍ഷന്‍ കിട്ടാതെ വലയുന്ന സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് രണ്ട് മാസം മുമ്പ് നല്‍കിയ കത്തില്‍ ജോസഫ് രേഖപ്പെടുത്തിയിരുന്നു. ജോസഫിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും കോഴിക്കോട് കളക്ട്രേറ്റിന് മുമ്പില്‍ പ്രതിഷേധിച്ചു. അഞ്ച് മാസമായി സംസ്ഥാനത്തെ ക്ഷേമപെന്‍ഷനുകള്‍ മുടങ്ങി കിടക്കുകയാണ്.
വികലാംഗ പെന്‍ഷനടക്കം സംസ്ഥാനത്തെ എല്ലാ ക്ഷേമപെന്‍ഷനുകളും കഴിഞ്ഞ 5 മാസമായി മുടങ്ങി കിടക്കുകയാണ്. നേരത്തെ പല പേരുകളിലായി നല്‍കിയിരുന്ന ക്ഷേമപെന്‍ഷനുകളെല്ലാം എല്ലാം ഒന്നിച്ചാണ് ഇപ്പോള്‍ നല്‍കുന്നത്. പ്രതിമാസം 1600 രൂപ വീതമാണ് ക്ഷേമപെന്‍ഷന്‍. ഓരോ ഗുണഭോക്താവിനും 8000 രൂപ വീതമാണ് ലഭിക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ മുടക്കത്തിന് കാരണമായി ധനവകുപ്പ് ചൂണ്ടി കാണിക്കുന്നത്. 44.97 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഒരുമാസം പെന്‍ഷന്‍ വിതരണം ചെയ്യാന്‍ 667.15 കോടിരൂപയാണ് വേണ്ടത്. കഴിഞ്ഞ ജൂണിന് ശേഷം കേന്ദ്രവിഹിതം കിട്ടുന്നില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. സാമൂഹ്യ സുരക്ഷപെന്‍ഷനുകളില്‍ 3 വിഭാഗങ്ങളിലായി 200 മുതല്‍ 300 രൂപ വരെയാണ് കേന്ദ്ര വിഹിതം.
കേന്ദ്ര സഹായം വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 വരെയുളള സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതകളും കുടിശികകളെ കുറിച്ചും വിശദമായ വിവരങ്ങളാണ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ചേര്‍ത്തിരിക്കുന്നത്. ഇതില്‍ ക്ഷേപെന്‍ഷനുകള്‍ക്കായി 3600 കോടി രൂപ നല്‍കാനുണ്ടെന്നാണ് ചീഫ്‌സെക്രട്ടറി പറഞ്ഞിരിക്കുന്നത്. ക്ഷേമപെന്‍ഷനുകള്‍ക്ക് പണം കണ്ടെത്തുന്നതിനാണ് പെട്രോളിയം ഉത്പ്പന്നങ്ങള്‍ക്ക് രണ്ട് രൂപ സെസ് കഴിഞ്ഞ ബജറ്റില്‍ ഏര്‍പ്പെടുത്തിയത്. എന്നിട്ടും കൃത്യമായി ക്ഷേമപെന്‍ഷനുകള്‍ നല്‍കാനാകാത്ത സ്ഥിതയാണ്.
2023 നവംബര്‍ ആദ്യവാരത്തിലാണ് ഇടുക്കി അടിമാലി സ്വദേശികളായ മറിയക്കുട്ടിയും അന്നക്കുട്ടിയും ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് പിച്ചച്ചട്ടിയുമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ചത്. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ ജോസഫിന്റെ ആത്മഹത്യയും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ ക്ഷേമപെന്‍ഷനുകള്‍ക്ക് വിഹിതം കണ്ടെത്താന്‍ ധനമന്ത്രി ഏറെ പാടുപെടേണ്ടി വരും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി കുടിശിക മുഴുവന്‍ കൊടുത്ത് തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇടതു മുന്നണി വോട്ടര്‍മാര്‍ക്ക് മുമ്പില്‍ വിശദീകരിക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here