കോടികള്‍ പൊടിച്ച് കേരളീയം, ആശ്വാസ പദ്ധതികള്‍ക്കൊന്നും പണമില്ല; മിശ്രവിവാഹ ധനസഹായ പദ്ധതിയില്‍ 10 കോടി കുടിശിക, കെട്ടികിടക്കുന്നത് 3441 അപേക്ഷകള്‍

തിരുവനന്തപുരം : നവംബര്‍ 1 മുതല്‍ 7 വരെ 27 കോടി രൂപ ധൂര്‍ത്തടിച്ച് കേരളീയം സംസ്ഥാന സര്‍ക്കാര്‍ ആഘോഷമാക്കുമ്പോള്‍ സാമ്പത്തിക്ക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമടക്കമുളള പല ആശ്വാസ പദ്ധതികളും നിശ്ചലാവസ്ഥയിലാണ്. രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയ്‌ക്കൊപ്പമാണ് ഇത്തരം പദ്ധതികളിലെ അപേക്ഷകളും വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ പൊടിപിടിച്ച് കിടക്കുന്നത്. വിവിധ സര്‍ക്കാറുകള്‍ മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്നതിനായി കൊണ്ടു വന്ന ധനസഹായ പദ്ധതിയുടെ കുടിശിക പത്ത് കോടിക്ക് മുകളിലാണ്.

മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായം ലഭിക്കാനുള്ളത് 3441പേര്‍ക്ക്

സംസ്ഥാനത്ത് മിശ്രവിവാഹത്തിലൂടെ ഒന്നായ ദമ്പതികളില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായം ലഭിക്കുന്നതിനുളള പദ്ധതിക്ക് പണം അനുവദിച്ചിട്ടില്ല. സംസ്ഥാന വ്യാപകമായി 3441 അപേക്ഷകളാണ് കെട്ടികിടക്കുന്നത്. മിശ്രവിവാഹം ചെയ്തവര്‍ക്ക് സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന 30,000 രൂപ ധനസഹായമാണ് സാമ്പത്തിക പ്രതിസന്ധിയില്‍ കുരുങ്ങിയത്. പത്ത് കോടിയിലധികം രൂപയാണ് ഈ പദ്ധതയില്‍ കുടിശികയായിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 103,249,500 രൂപ. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ഈ പദ്ധതിയില്‍ പൊടിപിടിച്ചു കിടക്കുന്നത്. 867 അപേക്ഷകളാണ് ഇവിടെ കെട്ടികിടക്കുന്നത്. പാലക്കാട് 168, ഇടുക്കി 126, മലപ്പുറം 50, കോട്ടയം 273, വയനാട് 118, തൃശ്ശൂര്‍ 616, കോഴിക്കോട് 550, ആലപ്പുഴ 28, കണ്ണൂര്‍ 231, കൊല്ലം 414, എന്നിങ്ങനെയാണ് മറ്റ് ജില്ലയിലെ കെട്ടികിടക്കുന്ന അപേക്ഷകളുടെ എണ്ണം. മിശ്രവിവാഹമടക്കം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചിരുന്ന സര്‍ക്കാറാണ് ഇത്തരത്തില്‍ ചെറിയ ധനസഹായ തുകയ്ക്കുള്ള അപേക്ഷകള്‍ പോലും പരിഗണിക്കാതെ മാറ്റിവച്ചിരിക്കുന്നത്.

മറ്റ് ആശ്വാസ പദ്ധതികളുടെ അവസ്ഥയും ഇതു തന്നെ.

സാമൂഹ്യ നീതി വകുപ്പിന്റെ മറ്റ് ആശ്വാസ പദ്ധതികളുടേയും അവസ്ഥയും ഇതിനു സമാനമാണ്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഭിന്ന ശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം നല്‍കുന്ന പരിണയം പദ്ധതിയില്‍ അപേക്ഷിച്ച 16 പേര്‍ക്ക് ധനസഹായം ലഭിച്ചിട്ടില്ല. 30,000 രൂപയാണ് ഈ പദ്ധതിയിലേയും ധനസഹായം. 4.80 ലക്ഷം രൂപയാണ് കുടിശികയായിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ചികില്‍സക്കായി വികലാംഗ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനായുള്ള 791 അപേക്ഷയും ചുവപ്പ്‌നാടയിലാണ്. 2016 മുതലുള്ള അപേക്ഷകളാണ് ഇതുവരെ പരിഗണിക്കാതിരിക്കുന്നത്. പരമാവധി 5000 രൂപയാണ് ഈ പദ്ധതിയിലൂടെയുള്ള ധനസഹായം. 17.14 ലക്ഷമാണ് കുടിശിക. ദാരിദ്ര്യ രേഖയ്ക്കു താഴെയുളള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യമായി കൃത്രിമ ദന്തനിര വച്ച് കൊടുക്കുന്ന മന്ദഹാസം പദ്ധതിയില്‍ അപേക്ഷിച്ച 20 പേര്‍ക്കും സഹായം ലഭിച്ചില്ല. 1 ലക്ഷമാണ് കുടിശിക. സംസ്ഥാനത്തെ അംഗപരിമിതര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 43 അപേക്ഷകളില്‍ സര്‍ക്കാര്‍ വിഹിതം നല്‍കിയിട്ടില്ല. ഭിന്നശേഷി സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച 8 പേരുടെ ഫണ്ടും കുടിശികയാണ്. സാമൂഹ്യനീതി മന്ത്രി ആര്‍.ബിന്ദു രേഖാമൂലം നിയമസഭയെ അറിയിച്ചതാണ് ഈ കുടിശികകളുടെ കണക്ക്. കെ.കെ.രമ എം.എല്‍.എ ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.

സാമ്പത്തിക പ്രതിസന്ധി സാധാരണക്കാരന്റെ ആശ്രയത്തില്‍

സാമ്പത്തിക പ്രതിസന്ധി മൂലം ചിലവ് ചുരുക്കലും മാറ്റിവയ്ക്കലുമെല്ലാം സാധാരണക്കാരനെ ബാധിക്കുന്ന സേവനങ്ങളില്‍ മാത്രമാണ്. ഫണ്ട് നല്‍കാത്തതിനാല്‍ സപ്ലെക്കോയില്‍ സബ്‌സിഡി സാധനങ്ങളൊന്നും ലഭിക്കാത്ത സ്ഥിതിയാണ്. രണ്ട് മാസത്തെ ക്ഷേമപെന്‍ഷനാണ് കുടശികയായിരിക്കുന്നത്. ലൈഫ് മിഷന് പോലു പണം നല്‍കുന്നില്ല. പാവപ്പെട്ടവരുടെ ഭവന പദ്ധതിയായ ലൈഫ് മിഷന് ഈ സാമ്പത്തിക വര്‍ഷത്തിലെ ഏഴു മാസം കൊണ്ട് നല്‍കിയത് വെറും 18 കോടി രൂപ മാത്രമാണ്. ഇത്തരത്തില്‍ സാധാരണക്കാരനെ ബാധിക്കുന്നിടത്തെല്ലാം സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഒന്നും ചെയ്യാതിരിക്കുകയാണ് സര്‍ക്കാര്‍. പരിണയം, മന്ദഹാസം , മിശ്രവിവാഹ സഹായം, വികലാംഗ ദുരിതാശ്വാസ നിധിയില്‍ നിന്നുളള ധനസഹായം, നിരാമയ ഇന്‍ഷുറന്‍സ് പോളിസി, ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് എന്നിങ്ങനെ മിക്ക പദ്ധതികളും കുടിശികയാണ്. പദ്ധതികള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും ധനവകുപ്പ് ഫണ്ട് അനുവദിച്ചിട്ടില്ല. സാമൂഹ്യ നീതിവകുപ്പിനു കീഴിലുളള പല ആശ്വാസ പദ്ധതികളുടേയും അവസ്ഥയിതു തന്നെയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top