കത്തെഴുതി വിറ്റ് സോളാർ അതിജീവിത; ഉമ്മൻ ചാണ്ടിയെ കുടുക്കിയത് ഇങ്ങനെ, വീഡിയോ സ്റ്റോറി കാണാം..

അനിൽ ഇമ്മാനുവൽഎഡിറ്റർ ഇൻ ചീഫ്

ഉമ്മൻ ചാണ്ടിയെ പീഡനക്കേസിൽ കുടുക്കിയ ഗൂഢാലോചനക്കാരുടെ ഏറ്റവും പ്രധാന ആയുധമായിരുന്നു അതിജീവിത ജയിലിൽ നിന്ന് എഴുതിയ കത്ത്; യഥാർത്ഥത്തിൽ കത്തുകൾ എന്ന് പറയണം. കാരണം ഒന്നല്ല, കത്ത് പലത് ഉണ്ടായിരുന്നു അതിജീവിതയുടെ കൈവശം. 2013ൽ സോളാർ തട്ടിപ്പ് കേസുകളിൽ അറസ്റ്റിലായി പത്തനംതിട്ട ജില്ല ജയിലിൽ കഴിയുമ്പോൾ എഴുതിയ കത്ത് മുതൽ ഇങ്ങോട്ട്, പല ഘട്ടങ്ങളിലായി പലരുടെയും പേരുകൾ ഉൾപ്പെടുത്തി പല വഴികളിലൂടെ പുറത്തുവിട്ട കത്തുകളെല്ലാം ഈ ഗൂഢാലോചനയുടെ ഭാഗമാണ്. 2013 മുതൽ പലപ്പോഴായി ആകെ അഞ്ചു സെറ്റ് കത്തുകൾ സോളാർ അതിജീവിത തന്നെ എഴുതി തയ്യാറാക്കിയതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. തന്നെ പീഡിപ്പിച്ചവർ എന്ന മട്ടിൽ പലപ്പോഴായി പലരെ കുടുക്കാൻ ഇത് തൽപരകക്ഷികൾക്ക് പണത്തിന് വിൽപന നടത്തി എന്ന ഞെട്ടിക്കുന്ന വസ്തുതയാണ് അന്വേഷണത്തിൽ തെളിഞ്ഞത്. സന്തത സഹചാരികളായിരുന്ന ഒന്നിലേറെ പേർ ഇക്കാര്യത്തിൽ സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്. അതിജീവിതക്ക് ഇങ്ങനെ കിട്ടിയ പണത്തിൻ്റെ പങ്കുപറ്റി കൂടെ നിന്നവർ ചിലർ കുറ്റസമ്മത മൊഴിയായി പറഞ്ഞതും സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ടി ജി നന്ദകുമാറിൻ്റെ കൈവശം തന്നെ 19 പേജിൻ്റെയും 25 പേജിൻ്റെയുമായി രണ്ടു കത്തുകൾ ഉണ്ടായിരുന്നു.

രണ്ടിലെയും പേരുകൾ വ്യത്യസ്തം ആയിരുന്നു. ഇത് രണ്ടും പണം കൊടുത്ത് തന്നെ വാങ്ങിയതാണ്. ഇങ്ങനെയെല്ലാം ആകണം ആദ്യ കത്തിൽ ഇല്ലാതിരുന്ന ഉമ്മൻ ചാണ്ടിയുടെ പേര് പിന്നീട് എഴുതി ചേർക്കപ്പെടുന്നത്. ആദ്യ കത്തിൽ അദ്ദേഹത്തിൻ്റെ പേര് ഉണ്ടായിരുന്നില്ല എന്ന് തന്നെ സിബിഐ വ്യക്തമായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇങ്ങനെ ഓരോരോ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഓരോരുത്തരുടെ പേരുകൾ ഉൾപ്പെടുത്തി കൃത്യമായ ആസൂത്രണത്തോടെ ഇത് ചെയ്തുപോന്നു എന്നതാണ് ഇവിടെ തെളിയുന്ന വസ്തുത. ഇതിന് മലയാളത്തിലെ ഏറ്റവും പ്രധാന മാധ്യമങ്ങളിലൊന്നും അതിലെ മാധ്യമ പ്രവർത്തകരും കരുക്കളായി പോയി എന്ന വസ്തുതയും സിബിഐ റിപ്പോർട്ടിൽ നിന്ന് തന്നെ തെളിയുന്നുണ്ട്. ഈ വസ്തുതകളുടെയെല്ലാം അടിസ്ഥാനത്തിൽ ആണ് കത്തിന് തെല്ലും വിശ്വാസ്യതയില്ല എന്ന നിഗമനത്തിലേക്ക് സിബിഐ എത്തിയത്. കത്തുകൾ ഉപയോഗിച്ച് നടത്തിയ തട്ടിപ്പുകളുടെയെല്ലാം വിശദാംശങ്ങൾ, ഓരോ കത്തിലെയും വിവരണങ്ങൾ, അവ ആർക്ക് വേണ്ടി, ആരുടെ പ്രേരണയിൽ എഴുതി, എവിടെവച്ച്, ആർക്ക് കൈമാറി, അങ്ങനെ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് വാർത്തകൾ സൃഷ്ടിച്ചു, അങ്ങനെ ആരെല്ലാം സാമ്പത്തികമായോ അല്ലാതെയോ നേട്ടങ്ങൾ ഉണ്ടാക്കി തുടങ്ങിയ വിവരങ്ങളെല്ലാം അടുത്ത ദിവസങ്ങളിൽ ഇതേ പ്ലാറ്റ്ഫോമിൽ, മാധ്യമ സിൻഡിക്കറ്റിൽ പ്രേക്ഷകർക്ക് കാണാം.

മറ്റൊരു പ്രധാന ഗൂഢാലോചന പി സി ജോർജുമായി ചേർന്ന് നടത്തിയത് ആണ്. സിബിഐ കേസ് ഏറ്റെടുത്തതിന് ശേഷം 2022 ആദ്യം അതിജീവിത പൂഞ്ഞാറിൽ പിസി ജോർജിൻ്റെ വീട്ടിൽ എത്തി ഒരു കുറിപ്പ് കൈമാറുന്നു. അതിൽ പറയുന്നത് പ്രകാരം സിബിഐക്ക് മൊഴി നൽകി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ തന്നെ സഹായിക്കണം എന്നായിരുന്നു ആവശ്യം. ക്ലിഫ് ഹൗസിൽ പീഡനം നടന്നുവെന്ന് പരാതിയിൽ പറയുന്ന സമയത്ത് പിസി ജോർജ് ദൃക്ക് സാക്ഷി ആയിരുന്നു എന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം. ഉമ്മൻ ചാണ്ടി ധരിച്ചിരുന്ന മുണ്ട് അടക്കം വസ്ത്രങ്ങളുടെ അടയാളങ്ങൾ ആയിരുന്നു ആ കുറിപ്പിൽ ഉണ്ടായിരുന്നത്. കള്ളി മുണ്ട് എന്നാണ് എഴുതിയിരുന്നത്. കൂടാതെ താൻ ധരിച്ചിരുന്നത് കറുത്ത നിറത്തിലുള്ള ഷിഫോൺ സാരി ആയിരുന്നു എന്നും വായിച്ചു പഠിച്ച് കള്ളസാക്ഷി പറയാനായി പിസി ജോർജിന് കൊടുത്ത കുറിപ്പിൽ എഴുതിയിരുന്നു. ചില സ്ഥലങ്ങളിൽ, ചില മാധ്യമങ്ങളിൽ അടക്കം ജോർജ് ഇത് അനുസരിച്ച് ചിലതെല്ലാം പറഞ്ഞെങ്കിലും ഒടുവിൽ സിബിഐ അന്വേഷണത്തിൻ്റെ ഘട്ടം എത്തിയപ്പോൾ ഉള്ളത് തന്നെ പറഞ്ഞു. മാത്രവുമല്ല പരാതിക്കാരി എഴുതി കൊടുത്ത ആ കുറിപ്പ് സഹിതം പിസി ജോർജ് കോടതിക്ക് രഹസ്യമൊഴിയും നൽകി. അങ്ങനെയാണ് ആ ഗൂഢാലോചന പൊളിഞ്ഞത്.

ഇതിനെല്ലാം പുറമേ ഡൽഹിയിലും മറ്റും എത്തിച്ച് ഉമ്മൻ ചാണ്ടിക്ക് രണ്ടു കോടിയോളം കൈക്കൂലി നൽകിയെന്ന ആരോപണവും പൊളിഞ്ഞു പോയി. പരാതിക്കാരി ഡൽഹിയിൽ താമസിച്ചുവെന്ന് പറയുന്ന ഹോട്ടൽ, പണം കൈമാറാൻ പോയപ്പോൾ ഒപ്പം ഉണ്ടായിരുന്ന ഡ്രൈവർമാർ, തുടങ്ങി സന്തത സഹചാരികളായി ഉണ്ടായിരുന്ന കമ്പനി ജീവനക്കാർ പോലും ആരോപണങ്ങളെ സിബിഐക്ക് മുന്നിൽ പിന്തുണച്ചില്ല. പരാതിക്കാരിക്ക് ഇങ്ങനെ ആളുകളെ സമ്മർദ്ദത്തിലാക്കി പണം പിരിക്കുന്ന പതിവ് ഉണ്ടെന്ന് പോലും അടുപ്പക്കാരിൽ ഒരാളുടെ സാക്ഷിമൊഴി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്.

കൂട്ടിച്ചേർക്കലുകൾ ഒന്നുമില്ല, സിബിഐ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ് മാധ്യമ സിൻഡിക്കറ്റ് ഈ വിവരങ്ങൾ പുറത്തു വിടുന്നത്. ഇതിൻ്റെയെല്ലാം സമഗ്ര ചിത്രമാണ് വരും ദിവസങ്ങളിൽ പുറത്തു വരാനിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ കോടതിയിൽ സമർപ്പിക്കപ്പെട്ട ഈ റിപ്പോർട്ടിൻ്റെ കോപ്പി നാലു മാസം മുമ്പ് മാധ്യമ സിൻഡിക്കറ്റിൻ്റെ പക്കൽ എത്തുമ്പോൾ ഒരുകാര്യം ഞങ്ങൾ ഉറപ്പിച്ചിരുന്നു, കേരളത്തിൽ ഒരൊറ്റ മാധ്യമവും ഇതിന് വേണ്ടി ശ്രമിച്ചിട്ടില്ലെന്ന്. ഇക്കഴിഞ്ഞ ആഴ്ച ഈ റിപ്പോർട്ട് കോടതി അംഗീകരിച്ച ശേഷവും ഇതിന് വേണ്ടി ആരും ശ്രമിച്ചതായി അറിവില്ല. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തൻ ആക്കി കൊണ്ടുള്ള സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു എന്ന ഒറ്റ വരിയിൽ കവിഞ്ഞ ഒരു വാർത്തയും പ്രമുഖ മാധ്യങ്ങൾ ഒന്നും ഇനിയും റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളം കണ്ട ഈ വലിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇത്രയും വിവരങ്ങൾ ഞങ്ങൾ പുറത്തു കൊണ്ടുവന്ന ശേഷമെങ്കിലും മറ്റു മാധ്യങ്ങളും ഇതിലേക്ക് വരട്ടെ എന്ന് ആഗ്രഹിക്കുന്നു. എന്ത് തന്നെയായാലും അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിൻ്റെ ഈ ശൈലി ആകും ഇനിയുള്ള കാലം മാധ്യമ സിൻഡിക്കറ്റ് കേരളത്തിന് മുന്നിൽ കാഴ്ച വയ്ക്കുക എന്ന് ഒരിക്കൽ കൂടി ഉറപ്പ് തരുന്നു.

Logo
X
Top