സിബിഐ അന്വേഷിച്ച കേസില്‍ സംസ്ഥാന അന്വേഷണത്തിന് കഴിയില്ലെന്ന് ടി. ആസഫലി
സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിയെ കുരുക്കാന്‍ ഗൂഡാലോചന നടന്നുവെന്ന സിബിഐ കണ്ടെത്തലില്‍ അന്വേഷണം ആവാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയമസഭാ പ്രസ്താവന നിലനില്‍ക്കുന്നതല്ലെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലി. സിബിഐ അന്വേഷിച്ച കേസില്‍ സംസ്ഥാന ഏജന്‍സിയ്ക്ക് തുടര്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്നും ആസഫലി എഫ്ബി കുറിപ്പില്‍ വ്യക്തമാക്കി. സോളാർ പീഡനക്കേസില്‍ ക്രിമിനൽ ഗൂഢാലോചന പുറത്ത് വന്ന സ്ഥിതിയ്ക്ക് സിബിഐയുടെ തുടര്‍ അന്വേഷണം അനിവാര്യമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉമ്മൻ ചാണ്ടിക്കെതിരെ വ്യാജമായി ലൈംഗികാരോപണം മെനഞ്ഞുണ്ടാക്കി കള്ള കേസിൽ കുടുക്കുവാൻ കുറ്റകരമായ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ തുടരന്വേഷണം നടത്തേണ്ടത് സി ബി ഐ തന്നെയാണ് അല്ലാതെ സ്റ്റേറ്റ് പോലീസ് അല്ല. ഒന്നുകിൽ മുഖ്യമന്ത്രിക്കു നിയമപരമായി അറിവില്ലാതെ നിയമസഭയിൽ പറഞ്ഞു അല്ലെങ്കിൽ നിയമം അറിഞ്ഞു കൊണ്ട് നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുവാനായി കളവു പറഞ്ഞു എന്ന് വേണം കരുതാൻ-അദ്ദേഹം വ്യക്തമാക്കുന്നു.
ചാരക്കേസ് അന്നത്തെ ഇടതു സർക്കാർ സിബിഐക്കു വിട്ടു. ഇതുപോലെ കള്ള കേസ് ആണന്നു പറഞ്ഞു സിബിഐ റിപ്പോർട്ട് നൽകിയപ്പോൾ അന്നത്തെ നായനാർ സർക്കാർ വീണ്ടും ചാരക്കേസില്‍ പുനരന്വേഷണത്തിനു ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ സുപ്രീം കോടതി ആ ഉത്തരവ് നിയമപരമായി നിലനിൽക്കുകയില്ല എന്ന് വിധി പ്രസ്താവിച്ചിട്ടുണ്ട്- ടി. ആസഫലി കുറിക്കുന്നു.
ടി. ആസഫലിയുടെ എഫ്ബി കുറിപ്പ് ഇങ്ങനെ:
സോളാർ കള്ള കേസിനുവേണ്ടിയുള്ള പുറത്തു വന്ന ക്രിമിനൽ ഗൂഢാലോചന :
സി ബി ഐ.തുടരന്വേഷണം അനിവാര്യം .
സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ കള്ളക്കേസ് മെനഞ്ഞുണ്ടാക്കുവാൻ വൻ ക്രിമിനൽ ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന സി ബി ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ അനേഷണം ആവാമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന നിയമപരമായി നിലനിൽക്കില്ല . കേന്ദ്ര ഏജൻസി നടത്തിയ അഅന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് വൻ ക്രിമിനൽ ഗൂഢാലോചനയുണ്ടായിരുന്നു എന്ന റിപ്പോർട്ട് സി ബി ഐ കോടതിൽ നൽകിയിരിക്കുന്നത് . ഒരു തവണ സി ബി ഐ അന്വേഷിച്ചു ഒരു കേസിൽ പിന്നീട് സ്റ്റേറ്റ് ഏജൻസിക്കു അനേഷണം നിയമപരമായി സാധിക്കുകയില്ല എന്നതാണ് നിയമം .
ചാരക്കേസ് അന്നത്തെ ഇടതു സർക്കാർ സിബിഐക്കു വിട്ടു ഇതുപോലെ കള്ള കേസ് ആണന്നു പറഞ്ഞു റിപ്പോർട്ട് നൽകിയപ്പോൾ അന്നത്തെ നായനാർ സർക്കാർ വീണ്ടും ചാരക്കേസ് പുനർ അന്വേഷണത്തിനു ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ സുപ്രീം കോടതി ആ ഉത്തരവ് നിയമപരമായി നിലനിൽക്കുകയില്ല എന്ന് വിധി പ്രസ്താവിച്ചിട്ടുണ്ട് . അതുകൊണ്ടു തന്നെ ഉമ്മൻ ചാണ്ടിക്കെതിരെ വ്യാജമായി ലൈംഗികാരോപണം മെനഞ്ഞുണ്ടാക്കി കള്ള കേസിൽ കുടുക്കുവാൻ കുറ്റകരമായ ഗൂഢാലോചന ചെയ്തവർക്കെതിരെ തുടരന്വേഷണം നടത്തേണ്ടത് സി ബി ഐ തന്നെയാണ് അല്ലാതെ സ്റ്റേറ്റ് പോലീസ് അല്ല . ഒന്നുകിൽ മുഖ്യമന്ത്രിക്കു നിയമപരമായി അറിവില്ലാതെ നിയമ സഭയിൽ പറഞ്ഞു അല്ലെങ്കിൽ നിയമം അറിഞ്ഞു കൊണ്ട് നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുവാനായി കളവു പറഞ്ഞു എന്ന് വേണം കരുതാൻ .
ഉമ്മൻ ചാണ്ടിക്കെതിരെ കേരളം പോലീസും , ക്രൈം ബ്രാഞ്ചും സി ബി ഐ യും അന്വേഷിച്ചിട്ടു വ്യാജ പരാതിയാണ് എന്ന് കണ്ടെത്തിയെന്ന് മാത്രമല്ല സി ബിഐ യുടെ റിപ്പോർട്ടിൽ ഇതുപോലൊരു വ്യാജ പരാതി ഉമ്മൻചാണ്ടിക്ക് ക്ഷതം ഉണ്ടാക്കുവാൻ വേണ്ടി ബോധപൂർവം ചില ഉന്നത തലത്തിൽ കുറ്റകരമായ ഗൂഡാലോചന നടത്തിയെന്നും കണ്ടെത്തി റിപ്പോർട്ട് നൽകിയിരിക്കുകയാണ് . ഉമ്മൻചാണ്ടിയെ പത്തു വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കാവുന്ന ലൈംഗിക കുറ്റമായിരുന്നു ചുമത്തിയിട്ടുണ്ടായിരുന്നത് . ഇന്ത്യൻ പീനൽ കോഡ് 211 വകുപ്പ് അനുസരിച്ചു ഏതെങ്കിലും ഒരാൾക്ക് ക്ഷതി ഏൽപ്പിക്കണം എന്ന ഉദ്ദേശത്തോടെ അയാൾക്കെതിരായി ഏതെങ്കിലും ക്രിമിനൽ നടപടി ആരംഭിക്കുകയോ അയാൾ കുറ്റം ചെയ്തതായി ചാർജ് ഉന്നയിക്കുകയോ ചെയ്യുവാൻ നീതിപൂർവകമായ യാതൊരു കാരണവും ഇല്ലന്ന് അറിഞ്ഞുകൊണ്ട് ഒരു നടപടി ആരംഭിക്കുകയും ഇടയാക്കുകയോ ചെയ്താൽ അതും 7 വർഷമോ അതിൽ കൂടുതലോ ശിക്ഷ വിധിക്കാവുന്ന കുറ്റമോ ചുമത്തിയാണ് വ്യാജ പരാതികൊടുത്തു നടപടി ആരംഭിക്കുന്നതെങ്കിൽ 7വര്ഷം വരെയും പിഴയും കൂടിയോ ചുമത്താവുന്ന കുറ്റമാണെന്നാണ് ഇന്ത്യൻ പീനൽ കോഡ് വകുപ്പ് 211. വ്യവസ്ഥ ചെയ്തിരിക്കുന്നത് . അത് കൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയെ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ കുടുക്കുവാൻ ഗൂഢാലോചന ചെയ്തവർക്കെതിരെ ഇന്ത്യൻ പീനൽ കോഡ് 211. ഉം 120B. വകുപ്പ് ചേർത്ത് കേസ് രജിസ്റ്റർ ചെയ്യാവുന്നതാണ് . അതിനായി സി ബി ഐ ക്കു ക്രിമിനൽ നിയമ സംഹിത 173(8.) അനുസരിച്ചു ഒരു തുടരന്വേഷണം നടത്തിയേ തീരൂ. അല്ലാതെ മുഖ്യ മന്ത്രി നിയമ സഭയിൽ പറഞ്ഞ പോലെ കേരള പോലീസിന് ഈ കേസിൽ ഒന്നും ചെയ്യാനില്ലെന്നതാണ് നിയമപരമായ സത്യം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here