ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനക്കേസിൽ ഗണേഷ് കുമാർ നേരിട്ട് ഹാജരാകണം
കൊല്ലം: സോളാർ പീഡന ഗൂഢാലോചനക്കേസിൽ പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ട് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. അടുത്ത മാസം 18 ന് എംഎൽഎ നേരിട്ട് ഹാജരാകാനാണ് കോടതി നിർദേശം. സോളാര്‍ തട്ടിപ്പ് കേസിലെ പീഡന പരാതിക്കാരിക്ക് വീണ്ടും സമൻസ് അയക്കും.
കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ ആണെന്നും കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയുടെ സ്റ്റേ കാലാവധി കഴിഞ്ഞതെന്നും ഗണേഷ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഇത് കൂടി പരിഗണിച്ചാണ് ഗണേഷ് കുമാറിനോട് അടുത്തതവണ കേസ് പരിഗണിക്കുന്നോൾ ഹാജരാകാൻ കോടതി ഉത്തരവിട്ടത്. സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർത്തതാണെന്നുള്ള സിബിഐ റിപ്പോർട്ട് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിയെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നുവെന്ന സിബിഐ കണ്ടെത്തലുകൾ മാധ്യമ സിൻഡിക്കറ്റാണ് ആദ്യം പുറത്ത് വിട്ടത്.
സോളാർ കേസിൽ ഗൂഢാലോചന നടന്നു എന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് അഡ്വ. സുധീർ ജേക്കബ് സമർപ്പിച്ച ഹർജിയിൽ പീഡന പരാതിക്കാരിയെ ഒന്നാം പ്രതിയാക്കിയും ഗണേഷ് കുമാറിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തിരുന്നു. നിരവധി തവണ പ്രതികൾക്ക് കോടതി സമൻസ് അയച്ചെങ്കിലും ഇരുവരും കോടതിയിൽ ഹാജരായിരുന്നില്ല. ഗണേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ച് രണ്ട് മാസത്തേക്ക് സമൻസ് അയക്കുന്നതിന് സ്റ്റേ വാങ്ങുകയായിരുന്നു. സ്റ്റേ യുടെ കാലാവധി ഇന്നലെ അവസാനിച്ച പശ്ചാത്തലത്തിലാണ് കോടതി കേസ് ഇന്ന് വീണ്ടും പരിഗണിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here