ഉമ്മന്‍ ചാണ്ടിയ്ക്ക് എതിരായ ഗൂഡാലോചന സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് കെപിസിസി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ നടന്ന സോളാര്‍ ഗൂഢാലോചന സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് കെപിസിസി യോഗം ആവശ്യപ്പെട്ടു. സിബിഐ റിപ്പോര്‍ട്ടിലൂടെ സോളാര്‍ ഗൂഡാലോചനയിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ഉമ്മന്‍ ചാണ്ടിയെ 10 വര്‍ഷം വേട്ടയാടിയതില്‍ കുറ്റസമ്മതോ മാപ്പോ പറയാന്‍ സിപിഎം തയാറായില്ല എന്നത് അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. ഉമ്മന്‍ ചാണ്ടിക്കെതിരേ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളും കോഴ ആരോപണങ്ങളും സിബിഐ ചീന്തിയെറിഞ്ഞു. സോളാറില്‍ സിപിഎമ്മിന്റെ പങ്ക് സിബിഐ റിപ്പോര്‍ട്ടില്‍നിന്ന് സുവ്യക്തമാണ്.

ദല്ലാള്‍ നന്ദകുമാര്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായി മാറിയതും പരാതിക്കാരിയെ മുഖ്യമന്ത്രിയുടെ അടുത്ത് എത്തിച്ച് ഉമ്മന്‍ ചാണ്ടിക്കെതിരേ സിബിഐ അന്വേഷണത്തിന് വഴിയൊരുക്കിയതും കേരളം കണ്ട ഏറ്റവും നെറികെട്ട രാഷ്ട്രീയപ്രവര്‍ത്തനമാണ്. ഇതുമായി ബന്ധപ്പെട്ടു നടന്ന സാമ്പത്തിക ഇടപാടിലും സിപിഎം പങ്ക് വ്യക്തമാണ്. യുഡിഎഫ് നേതാക്കള്‍ക്കെതിരേ മൊഴിനല്കാന്‍ സിപിഎം 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരി തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടും അന്വേഷണ പരിധിയില്‍ വരണം. ആരോപണങ്ങളുടെ പ്രഭവകേന്ദ്രമായ ഗണേഷ്‌കുമാറിനെതിരേ ഒരക്ഷരം പോലും മുഖ്യമന്ത്രിക്ക് പറയാന്‍ ഉണ്ടായിരുന്നില്ല.

മാസപ്പടി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം ഒട്ടും തൃപ്തികരമല്ല. നല്‍കാത്ത സേവനത്തിന് മാസന്തോറും പണം പറ്റുന്നത് മാസപ്പടിയല്ലെങ്കില്‍ പിന്നെന്താണ്? മാസപ്പടിയില്‍ മുഖ്യമന്ത്രിക്ക് വായ് തുറക്കാന്‍ മാസങ്ങളെടുത്തതു തന്നെ ഈ വിഷയത്തില്‍ അങ്ങേയറ്റം പ്രതിരോധത്തിലായതുകൊണ്ടാണ്. കരിമണല്‍ കമ്പനിക്ക് മകളുടെ കമ്പനി എന്തു സേവനമാണു നല്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എഐ ക്യാമറ, കെ ഫോണ്‍ തുടങ്ങിയ പദ്ധതികളിലും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ പേര് ഉയര്‍ന്നിട്ടുണ്ട്. കേരളം കൊള്ളയടിക്കുന്ന കമ്മീഷന്‍ ഫാമിലിയായി പിണറായി കുടുംബം മാറിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഇഡി അന്വേഷണം നടക്കേണ്ടത് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരേയാണ്. ബിജെപിയുമായുള്ള രഹസ്യബാന്ധവമാണ് കേന്ദ്രഏജന്‍സികളില്‍നിന്ന് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത്.

എസ്എന്‍സി ലാവ്‌ലിന്‍ കേസ് 34-ാം തവണയും മാറ്റിവച്ചതില്‍ അസ്വഭാവികത മണക്കുന്നു. ഓരോ കാരണം പറഞ്ഞ് ഈ കേസ് മാത്രം നീട്ടിക്കൊണ്ടുപോകുന്നതിനു പിന്നില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ഉണ്ടാക്കിയിട്ടുള്ള രാഷ്ട്രീയബന്ധങ്ങളാണ് എന്നതില്‍ സംശയമില്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎം ഉന്നതനേതൃത്വത്തിന്റെ പങ്കാണ് പുറത്തു വരേണ്ടത്. എസി മൊയ്തീനെ സിപിഎം നേതൃത്വം സംരക്ഷിക്കുന്നത് കൂട്ടുകച്ചവടം പുറത്തുവരുമെന്നു ഭയന്നാണ്. മുന്‍ ആലത്തൂര്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പികെ ബിജുവിന്റെ പങ്കും ദുരൂഹമാണ്. കേരളം കണ്ട ഏറ്റവും വലിയ കുഭകോണങ്ങളിലൊന്നാണ് കരുവന്നൂരിലേത്-കെപിസിസി ചൂണ്ടിക്കാട്ടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top