സിപിഎമ്മിനെ പൊള്ളിച്ച് മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍; പ്രതിരോധമായി ബ്രിട്ടാസിന്റെ നിഷേധം; ബ്രിട്ടാസ് ഇടപെട്ടത് താന്‍ പറഞ്ഞിട്ടെന്ന് ചെറിയാന്‍; ഉമ്മന്‍ ചാണ്ടി മരിച്ചിട്ടും മരിക്കാതെ സോളാര്‍
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ മരണശേഷവും സോളാര്‍ വിവാദത്തിന് മരണമില്ല. ഈ വസ്തുത അടിവരയിട്ടാണ് ഇന്ന് വീണ്ടും സോളാര്‍ പുകഞ്ഞത്. രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ഇടതുമുന്നണിയുടെ സോളാര്‍ സമരം അവസാനിപ്പിച്ചതെന്ന മനോരമ ബ്യൂറോ ചീഫ് ആയിരുന്ന ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലാണ് വിവാദം ആളിക്കത്തിച്ചത്.
രഹസ്യധാരണയുണ്ടാക്കി സോളാര്‍ സമരം സിപിഎം അവസാനിപ്പിക്കുകയായിരുന്നു എന്ന് മുണ്ടക്കയം എഴുതിയതോടെ സിപിഎമ്മിന് പ്രതികരിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയായി. ജോണ്‍ ബ്രിട്ടാസ് വാര്‍ത്താസമ്മേളനം വിളിച്ചതോടെ സോളാര്‍ വീണ്ടും രാഷ്ട്രീയ വിവാദമായി. ചെറിയാന്‍ ഫിലിപ്പ് കൂടി രംഗത്തുവന്നതോടെ വിവാദത്തിനു എരിവേറുകയും ചെയ്തു. ഇതിനിടയില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂരിന്റെ പ്രതികരണവും വന്നു. സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാൻ ജോൺ ബ്രിട്ടാസ് തന്നെ വിളിച്ചിരുന്നുവെന്നാണ് തിരുവഞ്ചൂര്‍ വെളിപ്പെടുത്തിയത്. ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ നിന്നാണ് ബ്രിട്ടാസ് വിളിക്കുന്നതെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്. സമരം ഒത്തു തീരാന്‍ ഫോണ്‍ സംഭാഷണം നടന്നുവെന്ന് വ്യക്തമാണ്. ആരാണ് ആദ്യം വിളിച്ചതെന്ന കാര്യം ഇനിയും വ്യക്തമാകേണ്ടതുണ്ട്.
സോളാര്‍ സമരം അവസാനിപ്പിക്കേണ്ട കാര്യം ചോദിച്ച് കൈരളി ടിവിയുടെ ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ചുവെന്നാണ് മുണ്ടക്കയം എഴുതിയത്. നേതൃതല തീരുമാനമാണെന്ന് ഉറപ്പു വരുത്തി താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിളിച്ചു. കുഞ്ഞാലിക്കുട്ടിയെ വിളിക്കാന്‍ പറഞ്ഞതുപ്രകാരം അദ്ദേഹത്തെയും വിളിച്ചു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെയും തിരുവഞ്ചൂര്‍ ബ്രിട്ടാസിനേയും തുടര്‍ന്നു കോടിയേരി ബാലകൃഷ്ണനേയും വിളിച്ചു സംസാരിച്ചു. എന്‍.കെ.പ്രേമചന്ദ്രന്‍ യുഡിഎഫ് നേതാക്കളെ കണ്ടു. അതോടെ സമരം തീരാന്‍ അരങ്ങൊരുങ്ങി. ബ്രിട്ടാസ് ആവശ്യപ്പെട്ട രീതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ സോളാര്‍ സമരവും പിന്‍വലിച്ചു എന്നാണ് മുണ്ടക്കയം എഴുതിയത്.
സമകാലിക മലയാളം വാരികയിലെ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ അടിമുടി നിഷേധിച്ചുകൊണ്ടാണ് ജോണ്‍ ബ്രിട്ടാസ് വാര്‍ത്താസമ്മേളനം നടത്തിയത്. “ഞാന്‍ മുണ്ടക്കയത്തിനെ വിളിച്ചുവെന്നത് അദ്ദേഹത്തിന്‍റെ ഭാവന മാത്രമാണ്. സോളാറുമായി ബന്ധപ്പെട്ടുള്ള മുണ്ടക്കയത്തിന്റെ പുസ്തകത്തിന് പ്രചാരം കിട്ടാന്‍ വേണ്ടിയാണ് ഈ കഥ മെനഞ്ഞത്. സോളാര്‍ സമരം തീര്‍ക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെറിയാന്‍ ഫിലിപ്പിനെയാണ് വിളിച്ചത്. ചെറിയാന്‍ ഫോണ്‍ കൈമാറിയതോടെയാണ് തിരുവഞ്ചൂരുമായി ഞാന്‍ സംസാരിച്ചത്.” – ബ്രിട്ടാസ് പറഞ്ഞു. എന്നാല്‍ വിവാദമായതുകൊണ്ടാണ് തന്നെ വിളിച്ച കാര്യം ജോണ്‍ ബ്രിട്ടാസ് നിഷേധിക്കുന്നതെന്ന് ജോണ്‍ മുണ്ടക്കയം തിരിച്ചടിച്ചു. ചെറിയാന്‍ ഫിലിപ്പ് ദൃക്സാക്ഷിയാണ്. അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവാണല്ലോ. അദ്ദേഹം പറയട്ടെ യാഥാര്‍ത്ഥ്യം എന്നാണ് ബ്രിട്ടാസ് തുടര്‍ന്ന് പ്രതികരിച്ചത്. ഇതോടെയാണ് ചെറിയാന്‍ ഫിലിപ്പ് വാര്‍ത്താ സമ്മേളനം വിളിച്ചത്.
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ബ്രിട്ടാസ് സംസാരിച്ചത് താന്‍ പറഞ്ഞിട്ടാണെന്നാണ് ചെറിയാന്‍ ഫിലിപ്പ് വിശദീകരിച്ചത്. “സമരം ഒത്തുതീര്‍പ്പ് ആക്കണമെന്ന് തിരുവഞ്ചൂരിന് താല്‍പര്യം ഉണ്ടായിരുന്നു. തിരുവഞ്ചൂര്‍ തന്റെ ഫോണിലേക്ക് വിളിച്ചു. താന്‍ പറഞ്ഞിട്ടാണ് ജോണ്‍ ബ്രിട്ടാസ് ചര്‍ച്ചയില്‍ പങ്കാളിയായത്. ബ്രിട്ടാസിനൊപ്പം തിരുവഞ്ചൂരിന്‍റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. സമരം ദുരന്തമായി മാറാതിരിക്കാന്‍ വേണ്ടിയുള്ള ഇടപെടലാണ് നടത്തിയത്. സോളാര്‍ സമരം വിഎസിന്‍റെ വാശിയായിരുന്നു.” – വാര്‍ത്താസമ്മേളനത്തില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
സോളാര്‍ വിവാദത്തില്‍ പ്രാധാന്യമുള്ള മൂന്നു വെളിപ്പെടുത്തലാണ് ഇന്ന് വന്നത്. വാരികയില്‍ കൂടി കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നുള്ള സൂചന മുണ്ടക്കയം നല്‍കുമ്പോള്‍ സോളാര്‍ കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഒരു ബോംബ് അകാനുള്ള സാധ്യതയ്ക്കാണ് അരങ്ങൊരുങ്ങുന്നത്. ടിപി വധക്കേസില്‍ ഉന്നത തല ഗൂഡാലോചനയിലേക്ക് അന്വേഷണം നീങ്ങുമെന്ന സൂചനകളും സോളാര്‍ സമരം സിപിഎം കടുപ്പിച്ചപ്പോള്‍ ശക്തമായിരുന്നു. ഇതൊഴിവാക്കാനാണ് പെട്ടെന്ന് തന്നെ സോളാര്‍ സമരം അവസാനിപ്പിച്ചതെന്ന ആരോപണമുണ്ടായിരുന്നു. സോളാര്‍ വിവാദം വീണ്ടും പുകഞ്ഞു തുടങ്ങുമ്പോള്‍ ടിപി വധക്കേസിലെ ഉന്നതതല ഗൂഡാലോചനയും വീണ്ടും ചര്‍ച്ചയാവുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here