സോളാർ കത്ത് വ്യാജമല്ല; എഴുതിയതും ഒപ്പിട്ടതും പരാതിക്കാരി: കെ.ബി. ഗണേഷ് കുമാർ

കൊച്ചി: സോളാർ ഗൂഢാലോചന കേസിൽ പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെ.ബി.ഗണേഷ് കുമാർ. കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരിയാണെന്നും ഗണേഷ് ഹൈക്കോടതിയിൽ പറഞ്ഞു. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകാനുള്ള സമൻസിനെതിരെ ഗണേഷ് കുമാർ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ കൊട്ടാരക്കര കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ നീക്കിയ കോടതി ഗണേഷ് കുമാറിനെതിരെ നടപടികൾ സ്വീകരിക്കാം എന്നറിയിച്ചു. അതേ സമയം, കേസിൽ ഗണേഷ് കുമാർ ഉടൻ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പത്ത് ദിവസത്തേക്കാണ് ഗണേഷിന് കോടതി ഇളവ് നല്‍കിയത്. ബുധനാഴ്ച നേരിട്ട് ഹാജരാകണമെന്ന കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയുടെ സമന്‍സിലാണ് ഹൈക്കോടതിയുടെ നിർദേശം.

സോളാർ കേസിൽ ഗൂഢാലോചന നടന്നു എന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് അഡ്വ. സുധീർ ജേക്കബ് സമർപ്പിച്ച ഹർജിയിൽ പീഡന പരാതിക്കാരിയെ ഒന്നാം പ്രതിയാക്കിയും ഗണേഷ് കുമാറിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തിരുന്നു. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് ഉൾപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഗണേഷ് കുമാറിന് ഇതിൽ പങ്കുണ്ടെന്നുമാണ് പരാതി. സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിയെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നുവെന്ന സിബിഐ കണ്ടെത്തലുകൾ മാധ്യമ സിൻഡിക്കറ്റാണ് ആദ്യം പുറത്ത് വിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top