സോളാര്‍ സമരം തീര്‍ക്കാന്‍ തന്നെ വിളിച്ചത് തിരുവഞ്ചൂരെന്ന് ജോണ്‍ ബ്രിട്ടാസ്; വിവാദമായപ്പോള്‍ നിഷേധിക്കുന്നുവെന്ന് മുണ്ടക്കയം; സോളാര്‍ വിവാദം വീണ്ടും കത്തുന്നു

തിരുവനന്തപുരം: സോളാര്‍ സമരം തീര്‍ക്കാന്‍ വേണ്ടി സിപിഎം നിര്‍ദേശപ്രകാരം ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ചുവെന്ന മനോരമ ലേഖകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ ജോണ്‍ ബ്രിട്ടാസ് എംപി തള്ളി. സോളാര്‍ സമരം തീര്‍ക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെറിയാന്‍ ഫിലിപ്പിനെയാണ് വിളിച്ചതെന്നും ചെറിയാന്‍ ഫോണ്‍ കൈമാറിയതോടെയാണ് തിരുവഞ്ചൂരുമായി സംസാരിച്ചതെന്നും ബ്രിട്ടാസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു ബ്രിട്ടാസിന്റെ വെളിപ്പെടുത്തല്‍.

സോളാര്‍ വിവാദമായതുകൊണ്ടാണ് ജോണ്‍ ബ്രിട്ടാസ് നിഷേധിക്കുന്നതെന്ന് ജോണ്‍ മുണ്ടക്കയം തിരിച്ചടിച്ചു. “വിവാദമില്ലായിരുന്നെങ്കില്‍ അത് അങ്ങനെ അങ്ങ് പോയേനെ. വിവാദമായതുകൊണ്ട് ബ്രിട്ടാസിന് നിഷേധിക്കേണ്ടി വന്നിരിക്കുകയാണ്. അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. ഞങ്ങള്‍ സംസാരിച്ചത് ബ്രിട്ടാസിന് അറിയാവുന്ന കാര്യമാണ്. തിരുവഞ്ചൂര്‍ വിളിച്ചതു മുതലുള്ള കാര്യങ്ങള്‍ ബ്രിട്ടാസ് സമ്മതിക്കുന്നുണ്ട്. ഇതൊന്നും വാര്‍ത്ത കൊടുക്കേണ്ട കാര്യമല്ല.” – മുണ്ടക്കയം പറഞ്ഞു.

ബ്രിട്ടാസിന്റെ വാക്കുകള്‍ ഇങ്ങനെ: “ഞാന്‍ ജോണ്‍ മുണ്ടക്കയത്തിനെ വിളിച്ചുവെന്നത് അദ്ദേഹത്തിന്‍റെ ഭാവന മാത്രമാണ്. സോളാറുമായി ബന്ധപ്പെട്ടുള്ള മുണ്ടക്കയത്തിന്റെ പുസ്തകത്തിന് പ്രചാരം കിട്ടാന്‍ വേണ്ടിയാണ് ഈ കഥ മെനഞ്ഞത്. ചെറിയാന്‍ ഫിലിപ്പ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവാണ്‌. സംശയമുണ്ടെങ്കില്‍ ചെറിയാന്‍ ഫിലിപ്പിനോട്‌ ചോദിച്ചാല്‍ മതി. തിരുവഞ്ചൂര്‍ പല തവണ എന്നെ വിളിച്ചു. എന്നെ കാണാന്‍ വരേണ്ടതില്ല. ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂരിനെ ഞാന്‍ പോയി കാണാം എന്നാണ് പറഞ്ഞത്. ആ കൂടിക്കാഴ്ചയില്‍ ചെറിയാന്‍ ഫിലിപ്പുമുണ്ട്.”

“ഞാന്‍ മുഖ്യമന്ത്രിയെ കണ്ടു. ജുഡീഷ്യല്‍ അന്വേഷണം ഇടതുമുന്നണിയുടെ ആവശ്യമായിരുന്നു. ഇത്രയും വിലപ്പെട്ട വിവരം ജോണ്‍ ബ്രിട്ടാസ് മലയാള മനോരമയില്‍ വാര്‍ത്തയായി നല്‍കാത്തതെന്താണ്. ഒരു വാരികയ്ക്ക് ആണോ ഈ വിവരം നല്‍കേണ്ടത്.” – ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

2013ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് വളഞ്ഞ് ഇടതുമുന്നണി തുടങ്ങിയ സോളാര്‍ സമരം അവസാനിപ്പിച്ചത് രഹസ്യധാരണ പ്രകാരമെന്ന മനോരമ ലേഖകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശരിവച്ചിരുന്നു. തന്നെ മധ്യസ്ഥനാക്കിയാണ് സോളാര്‍ സമരം അവസാനിപ്പിക്കാന്‍ സിപിഎം കരുക്കള്‍ നീക്കിയതെന്ന മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ അക്ഷരംപ്രതി ശരിയാണ്-തിരുവഞ്ചൂര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

“കൈരളി ടിവി എംഡിയായിരുന്ന ജോണ്‍ ബ്രിട്ടാസാണ് എന്നെ ബന്ധപ്പെട്ടത്. സമരം തീര്‍ക്കാന്‍ ബ്രിട്ടാസ് പല തവണ എന്നെ വിളിച്ചു. സമരം അവസാനിപ്പിക്കാന്‍ സിപിഎമ്മിന് മുന്നില്‍ വേറെ വഴിയില്ലായിരുന്നു. പല തവണ യുഡിഎഫ് നേതാക്കളുമായി ചര്‍ച്ചകള്‍ നടന്നു. സിപിഎമ്മിന്റെ ആവശ്യപ്രകാരം ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനം വിളിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ സമരം അവസാനിപ്പിച്ചു. പക്ഷെ സിപിഎമ്മിന്റെ ഏതൊക്കെ നേതാക്കള്‍ക്ക് ഈ കാര്യം അറിയാമായിരുന്നു എന്നതിനെക്കുറിച്ച് എനിക്ക് അറിയില്ല”- തിരുവഞ്ചൂര്‍ വിശദീകരിച്ചു.

ദീർഘകാലം മലയാള മനോരമയുടെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ജോണ്‍ മുണ്ടക്കയം മലയാളം വാരികയിലൂടെയാണ് സോളാർ സമരത്തിന്‍റെ അണിയറക്കഥ വെളിപ്പെടുത്തുന്നത്. “സമരത്തിന്റെ പുരോഗതി നിരീക്ഷിച്ച് ഓഫീസിൽ ഇരിക്കുകയായിരുന്ന എനിക്ക് 11 മണിയോടെ ഒരു ഫോണ്‍ കോള്‍ വന്നു. സുഹൃത്തും പിണറായി വിജയന്റെ വിശ്വസ്തനും കൈരളി ചാനലിന്റെ വാര്‍ത്താവിഭാഗം മേധാവിയുമായ ജോണ്‍ ബ്രിട്ടാസാണ് വിളിച്ചത്. സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ? -ബ്രിട്ടാസ് ചോദിച്ചു. എന്താ അവസാനിപ്പിക്കണം എന്നു തോന്നിത്തുടങ്ങിയോ എന്നു ഞാനും തിരിച്ചു ചോദിച്ചു.”

“മുകളില്‍നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ബ്രിട്ടാസിന്റെ കോള്‍ എന്നു മനസ്സിലായി. ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസിന്റെ അടുത്ത ചോദ്യം. ജുഡീഷ്യല്‍ അന്വേഷണം നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോ എന്നു ഞാന്‍ ചൂണ്ടിക്കാട്ടി. അതെ… അതു പത്രസമ്മേളനം വിളിച്ചു പറഞ്ഞാല്‍ മതി എന്നു ബ്രിട്ടാസ്. നിര്‍ദ്ദേശം ആരുടേതാണെന്നു ഞാന്‍ ചോദിച്ചു. നേതൃതലത്തിലുള്ള തീരുമാനമാണെന്ന് ഉറപ്പു വരുത്തി. ശരി സംസാരിച്ചു നോക്കാം എന്നു പറഞ്ഞു ഞാന്‍ ഫോണ്‍ കട്ടു ചെയ്തു.”

“നേരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിളിച്ച് ബ്രിട്ടാസ് പറഞ്ഞത് അദ്ദേഹത്തെ അറിയിച്ചു. പാര്‍ട്ടി തീരുമാനം ആണോ എന്ന് അദ്ദേഹം ചോദിച്ചു. ആണെന്നാണ് മനസ്സിലാകുന്നത് എന്നു ഞാനും പറഞ്ഞു. തുടർന്ന് കുഞ്ഞാലിക്കുട്ടിയുമായും തിരുവഞ്ചൂരുമായും സംസാരിച്ചു. ഒത്തുതീര്‍പ്പ് ഫോര്‍മുല യുഡിഎഫ് അംഗീകരിച്ചു. ചർച്ചകളിൽ കോടിയേരിയും പങ്കെടുത്തു. ഇടത് പ്രതിനിധിയായി എൻകെ പ്രേമചന്ദ്രനും ഉണ്ടായിരുന്നു. തുടർന്ന് ഉമ്മൻ ചാണ്ടി വാർത്താ സമ്മേളനം വിളിച്ചത് ഇങ്ങനെ സംസാരിച്ച് ഉറപ്പിച്ച ധാരണ പ്രകാരമായിരുന്നു. സോളാര്‍ പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും സമരം സിപിഎം അവസാനിപ്പിക്കുകയും ചെയ്തു.” – ജോണ്‍ മുണ്ടക്കയം എഴുതുന്നു. മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിലൂടെ സോളാര്‍ പ്രശ്നത്തില്‍ വീണ്ടും പുതിയ വിവാദത്തിന് വഴി തുറന്നിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top