‘എന്റെ അയൽക്കാരി, എന്റെ നാട്ടുകാരന്‍ വക്കീൽ’; അങ്ങോട്ട് പോകുന്നതിനും വരുന്നതിനും തടസമുണ്ടോ?’പ്രതികരണവുമായി സജി ചെറിയാന്‍

തിരുവനന്തപുരം: സോളർ പീഡനക്കേസ് പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ഫെനി ബാലകൃഷ്ണന്‍റെ വെളിപ്പെടുത്തല്‍ സമ്മതിച്ച് മന്ത്രി സജി ചെറിയാൻ. പരാതിക്കാരിയും വക്കീലും അയൽക്കാരാണെന്നും പരാതിക്കാരി പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാം പുറത്ത് പറഞ്ഞ് വിഴുപ്പലക്കാനും വ്യക്തിഹത്യനടത്താനും ഉദ്ദേശിക്കുന്നില്ലെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്.
‘‘എന്റെ അയൽക്കാരി, എന്റെ നാട്ടുകാരനായ വക്കീൽ ഇവരൊക്കെ എന്റെ അടുത്തേക്ക് വരുന്നതിനും എനിക്ക് അങ്ങോട്ട് പോകുന്നതിനും തടസ്സം വല്ലതുമുണ്ടോ?. ഇതൊക്കെ സംസാരിച്ചിട്ടുണ്ടാകുമല്ലോ. സംസാരിച്ച കാര്യങ്ങൾ ആർക്കെങ്കിലും എതിരായി ഉപേയാഗിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. പലരും പലരെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയിപ്പിക്കുന്നതാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങളെ വിട്ടവരോടു പറയുക, വെറുതേ ഇതു തോണ്ടണ്ട, തോണ്ടിയാൽ പലർക്കും നാശം ഉണ്ടാകും’’– മന്ത്രി പറഞ്ഞു.
സോളർ കേസ് സജീവമായി നിർത്താൻ ഇപ്പോഴത്തെ ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനും മന്ത്രി സജി ചെറിയാനും നേരിട്ട് ഇടപെട്ടുവെന്ന് പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം വിളിച്ച് വെളിപ്പെടുത്തിയിരുന്നു. ഫെനി ബാലകൃഷ്ണന്‍റെ വെളിപ്പെടുത്തലിനോടാണ് മന്ത്രിയുടെ പ്രതികരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here