ഇന്ത്യയിലെ പുരുഷന്മാർക്ക് എന്തോ കുഴപ്പമുണ്ട്; കേരളം ‘മീ ടൂ’വിന് തുടക്കംകുറിച്ചതിൽ അഭിമാനം; ശശി തരൂർ

ഇന്ത്യൻ സമൂഹത്തിൻ്റെ മൊത്തത്തിലുള്ള മനോഭാവം മാറേണ്ടതുണ്ടെന്ന് ശശി തരൂർ എംപി. ഇന്ത്യയിലെ പുരുഷന്മാർക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടാകണം; സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇപ്പോഴും തുടരുന്നത് അതുകൊണ്ടാകുമെന്നും എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ തരൂർ പറഞ്ഞു.

രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഒരു കുറവും വന്നിട്ടില്ലെന്ന് 2012-ലെ നിർഭയ കേസും 2024-ലെ കൊൽക്കത്ത ആർജി കർ ആശുപത്രിയിലെ യുവ ഡോക്ടറുടെ കൊലപാതകവും ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. “എല്ലാ ദിവസവും പത്രങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വാർത്ത ഉണ്ടാകും. ഒരു കോളേജ് വിദ്യാർത്ഥിനിയോ ഒരു കുട്ടിയോ അല്ലെങ്കിൽ ഒരു മധ്യവയസ്കയോ ആകാം ഇരയായിട്ടുള്ളത്. ഈ പ്രശ്‌നം പരിഹരിക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ ഇന്ത്യൻ പുരുഷന്മാർക്ക് എന്തെങ്കിലും കുഴപ്പമുണ്ടാകും.” അദ്ദേഹം പറയുന്നു.

ഒരു ദുരന്തത്തിനുശേഷം വീണ്ടും ദുരന്തങ്ങൾ ഉണ്ടാകാൻ പാടില്ല. ആദ്യം ഞെട്ടലും ഭീതിയും രോഷവും ഉണ്ടാകുന്നു. പിന്നീട് അത് കെട്ടടങ്ങുന്നു. ഈ രീതിക്ക് വ്യവസ്ഥാപിതമായ ഒരു മാറ്റം ആവശ്യമാണെന്ന് തരൂർ ആവശ്യപ്പെട്ടു.

മലയാള സിനിമയിലെ ലൈംഗികാതിക്രമ ആരോപണങ്ങളിൽ താൻ നിരാശനാണെന്നും, എന്നാൽ തന്റെ സ്വന്തം സംസ്ഥാനം ഈ മീ ടു തരംഗത്തിന് തുടക്കംകുറിച്ചതിൽ അഭിമാനമുണ്ടെന്നും തരൂർ പറഞ്ഞു. മറ്റെല്ലാ സിനിമാ മേഖലയിലും നടക്കുന്നതായി എല്ലാവരും പറയുന്ന ലൈംഗികാതിക്രമങ്ങൾ ആദ്യം തുറന്നുകാട്ടിയത് കേരളമാണ് എന്നതിൽ അഭിമാനിക്കുന്നു. ഇത് ശരിയല്ല എന്നെങ്കിലും കേരളം പറഞ്ഞു. മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് സർക്കാർ അഞ്ചു വർഷം പുറത്തുവിടാതിരുന്നത് ക്ഷമിക്കാനാവാത്തത് ആണെന്നും തരൂർ അഭിപ്രായപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ അമ്മ സംഘടനയുടെ പ്രസിഡന്റ് മോഹൻലാലും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും രാജിവച്ചതിനെക്കുറിച്ചും തരൂർ സംസാരിച്ചു. രാജിവച്ച പലർക്കെതിരെയും കേസുണ്ട്. രാജിവയ്ക്കുന്നത് ധാർമ്മിക ഉത്തരവാദിത്തം മാത്രമല്ല. ഇത്തരത്തിലുള്ള സംഭവം നടക്കാൻ അനുവദിച്ച ഒരു സംവിധാനത്തിന് അവർ നേതൃത്വം നൽകിയെന്നതാണ് വസ്തുതയെന്ന് അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top