പത്തനംതിട്ടയില്‍ അനില്‍ ആന്റണി തോല്‍ക്കണമെന്ന് എകെ ആന്റണി; ബിജെപിയില്‍ ചേര്‍ന്ന മക്കളെപ്പറ്റി കൂടുതല്‍ പറയുന്നില്ല; അച്ഛനോട് സഹതാപം മാത്രമെന്ന് അനില്‍

തിരുവനന്തപുരം: പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ തൻ്റെ മകന്‍ അനില്‍ ആന്റണി തിരഞ്ഞെടുപ്പില്‍ തോല്‍ക്കണമെന്ന് എകെ ആന്റണി. കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ ചേരുന്നത് തെറ്റാണ്. അത്തരം മക്കളെക്കുറിച്ച് അധികം പറയാന്‍ ആഗ്രഹിക്കുന്നില്ല. അത് താന്‍ ശീലിച്ചിട്ടില്ല. പത്തനംതിട്ടയിൽ താൻ പ്രചാരണത്തിന് പോയില്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി വിജയിക്കും. തൻ്റെ മതം കോണ്‍ഗ്രസ് ആണെന്ന് ആവര്‍ത്തിച്ചുകൊണ്ട് എകെ ആന്റണി പ്രതികരിച്ചു.

എകെ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് അനില്‍ ആന്റണി രംഗത്തെത്തി. ഒരു കുടുംബത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന രാജ്യവിരുദ്ധ പാര്‍ട്ടിയായ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അച്ഛനോട് സഹതാപം മാത്രമെന്ന് അനില്‍ ആന്റണി പറഞ്ഞു. പത്തനംതിട്ടയില്‍ ആരുവന്നാലും താന്‍ തന്നെ ജയിക്കും. നരേന്ദ്ര മോദി മൂന്നാം പ്രാവശ്യവും പ്രധാനമന്ത്രിയാകും. പ്രതിപക്ഷസ്ഥാനം പോലും ലഭിക്കാതെ കോണ്‍ഗ്രസ് ചവറ്റുകുട്ടയിലേക്ക് തള്ളപ്പെടും. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഗാന്ധി കുടുംബത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടിയെ പോലെയാകുമെന്നും അനില്‍ ആന്റണി വിമര്‍ശിച്ചു.

“നരേന്ദ്ര മോദി നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ ദേശീയ വക്താവാണ് ഞാന്‍. 2047ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് തിരിച്ചു പോകുമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ വളര്‍ത്തി പാതാളത്തില്‍ എത്തിച്ചു. കാലഹരണപ്പെട്ട കുറെ നേതാക്കളും ചിന്താഗതികളുമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പത്തനംതിട്ടയില്‍ കഴിഞ്ഞ 15 വര്‍ഷങ്ങളായി വികസനം നടന്നിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ വികസനം മറച്ചുവെക്കാനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി ശ്രമിക്കുന്നത്. ഇതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട്” അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top