അമ്മയുടെ മൃതദേഹം മറ്റൊരാളുടെ ഭൂമിയിൽ സംസ്കരിച്ചു; പൊതുശ്മശാനത്തിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി; മകന്‍റെ നടപടി മൃതദേഹം ഉപേക്ഷിച്ചതിന് തുല്യമെന്നും കോടതി
കൊച്ചി: മറ്റൊരാള്‍ക്ക് വിറ്റ ഭൂമിയില്‍ അമ്മയുടെ മൃതദേഹം സംസ്കരിച്ച മകന്‍റെ നടപടിക്കെതിരെ കര്‍ശനമായി ഇടപെട്ട് ഹൈക്കോടതി. അനുവാദമില്ലാതെ മറ്റൊരാളുടെ പുരയിടത്തില്‍ സംസ്കരിച്ച മൃതദേഹം മാറ്റി പൊതുശ്മശാനത്തില്‍ സംസ്കരിക്കാനാണ് ഉത്തരവ്. സ്ഥലമുടമ നല്‍കിയ പരാതിയില്‍ ആമ്പല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കാണ് മൃതദേഹം മാറ്റി സംസ്കരിക്കാന്‍ നിര്‍ദേശം നല്‍കിയത്.
അനുമതിയില്ലാതെ സംസ്കരിച്ച മൃതദേഹം, മാറ്റി സംസ്കരിക്കാന്‍ മകന് 2022 ഒക്ടോബറില്‍ ഫോര്‍ട്ട്‌കൊച്ചി സബ്കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്ഥലമുടമ നല്‍കിയ പരാതിയിലായിരുന്നു ഇത്. മകന്‍ തയ്യാറായില്ലെങ്കില്‍ മൃതദേഹം പൊതു ശ്മശാനത്തിലേക്ക് മാറ്റണമെന്ന് ആമ്പല്ലൂര്‍ പഞ്ചായത്തംഗത്തിനും നിര്‍ദേശം നല്‍കിയിരുന്നു. സബ് കളക്ടറുടെ ഉത്തരവില്‍ സ്ഥലം അളന്ന് നോക്കുകയും അടുത്ത പുരയിടത്തിലാണ് മൃതദേഹം എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നിട്ടും ഉത്തരവ് പാലിക്കാന്‍ മകന്‍ തയ്യാറായില്ല.
അനാഥമൃതദേഹങ്ങള്‍ മാത്രമേ പൊതുശ്മശാനത്തില്‍ സംസ്കരിക്കു എന്നായിരുന്നു പഞ്ചായത്തിന്‍റെ നിലപാട്. ഇതേതുടര്‍ന്ന് സ്ഥലമുടമയും മരിച്ച സ്ത്രീയുടെ മകനും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തിടുക്കത്തിനിടയില്‍ അബദ്ധത്തില്‍ വീടിനു സമീപത്തെ ഹര്‍ജിക്കാരന്റെ പുരയിടത്തില്‍ സംസ്കരിച്ചുപോയെന്നായിരുന്നു മകന്‍റെ വാദം.
മറ്റൊരാളുടെ പുരയിടത്തിലാണ് മൃതദേഹം എന്ന് കണ്ടെത്തിയിട്ടും മാറ്റി സംസ്കരിക്കാന്‍ തയ്യാറാകാത്ത മകന്‍റെ ഈ പ്രവര്‍ത്തി മാതാവിന്‍റെ മൃതദേഹം ഉപേക്ഷിച്ചതിന് തുല്യമായി മാത്രമേ കണക്കാക്കാന്‍ കഴിയു എന്ന് കോടതി അഭിപ്രായപ്പെട്ടു. അതിനാല്‍ മൃതദേഹം മാറ്റി സംസ്കരിക്കാന്‍ സബ് കളക്ടര്‍ പഞ്ചായത്തിന് നല്‍കിയ ഉത്തരവില്‍ തെറ്റില്ലെന്നും കോടതി വിലയിരുത്തി. മക്കളുടെ ഭാഗത്തുനിന്നും ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകില്ലെന്ന് മാതാപിതാക്കള്‍ക്ക് പ്രതീക്ഷിക്കാന്‍ മാത്രമേ കഴിയു എന്നും കോടതി അഭിപ്രായപ്പെട്ടു.
സബ് കളക്ടറുടെ ഉത്തരവിനെതിരെ മകന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി.അരുണിന്‍റെ ഉത്തരവ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here