തലയില്‍ ചുറ്റികകൊണ്ട് അടിച്ചു; മൃതദേഹം കസേരയോടെ കുഴിയിലേക്ക് ഇറക്കി; അച്ഛനെ കൊന്നത് എങ്ങനെയെന്ന് വിശദീകരിച്ച് മകന്‍

കട്ടപ്പന: ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി നിതീഷ്, കൊല്ലപ്പെട്ട വിജയനെ ചുറ്റികകൊണ്ട് തലയിലും ചെവിയിലും നെറ്റിയിലും അടിച്ചതായി മൊഴി. വിജയൻറെ മകനും കേസിലെ രണ്ടാം പ്രതിയുമായ വിഷ്ണുവാണ് പോലീസിൽ മൊഴി നൽകിയത്.
വിജയനും നിതീഷും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഇതിൽ പ്രകോപിതനായി വിജയൻറെ കഴുത്തിൽ തുണി ചുറ്റി തറയിലേക്ക് വീഴ്ത്തിയശേഷം ചുറ്റികകൊണ്ട് അടിക്കുകയായിരുന്നുവെന്നും വിഷ്ണു മൊഴി നല്‍കി. തലക്കടിയേറ്റ് രക്തം വാർന്ന് കിടന്ന വിജയനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മറയ്ക്കാൻ മുറിക്കുള്ളിൽ മൂന്നര അടി കുഴിയെടുത്തു. കസേരയോടുകൂടി മൃതദേഹം കുഴിയിലേക്ക് ഇറക്കി. പിന്നീട് കസേര തിരിച്ചെടുത്ത് മൃതദേഹം ഒടിച്ചു മടക്കി കമ്പികൊണ്ട് ഇടിച്ച് കുഴിയിലാക്കി. തറ കോൺക്രീറ്റ് ചെയ്ത് തെളിവുകൾ ഇല്ലാതാക്കി.
നടന്നത് പുറത്തുപറഞ്ഞാൽ തന്നെയും അമ്മയെയും ഇതുപോലെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റകൃത്യത്തിൽ പങ്കാളിയാക്കിയതെന്നും വിഷ്ണു പോലീസിനോട് വെളിപ്പെടുത്തി. വിഷ്ണുവിന്റെ സഹോദരിയുമായി ബന്ധമുണ്ടായിരുന്നതിനാൽ കഴിഞ്ഞ എട്ടുവർഷമായി വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു നിതീഷ്. വീട്ടിലെ സാധനങ്ങൾ തീർന്നതിനാൽ ജോലി ചെയ്ത് പണം കൊണ്ടുവരാൻ വിജയൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വാക്കുതർക്കവും കൊലപാതകവും നടന്നത്.
നിതീഷിന് വിജയൻറെ മകളിലുണ്ടായ കുഞ്ഞിനെ ആറുവർഷം മുൻപാണ് കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്താനായില്ല. എട്ട് മാസം മുൻപാണ് വിജയൻറെ കൊലപാതകം. മോഷണക്കേസില്‍ നിതീഷും വിഷ്ണുവും അറസ്റ്റിലായതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here