ഗോവ ഗവർണറുടെ മോട്ടോർകേഡിലേക്ക് കാറോടിച്ചുകയറ്റി സിപിഎം ജില്ലാ സെക്രട്ടറിയുടെ മകൻ; ആളെ തിരിച്ചറിഞ്ഞത് സുരക്ഷാവീഴ്ചക്ക് പിടികൂടിയശേഷം; പെറ്റിചുമത്തി വിട്ടയച്ച് ഒത്തുകളി

കോഴിക്കോട്: സ്വകാര്യ സന്ദർശനത്തിനായി ഏതാനും ദിവസങ്ങളായി കോഴിക്കോട്ടുള്ള ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുടെ സുരക്ഷയിലുണ്ടായ വീഴ്ച കേരള പോലീസിന് തലവേദനയാകും. കോഴിക്കോട് നഗരത്തിൽ ഞായറാഴ്ച വൈകിട്ടോടെ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ച് കയറ്റിയ യുവാവിനെ സുരക്ഷാവീഴ്ചയുടെ പേരിൽ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ഒരു മണിക്കൂർ കൊണ്ട് വിട്ടയച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ്റെയും മുൻ എംഎൽഎ കെ.കെ.ലതികയുടെയും മകൻ ജൂലിയസ് നികിതാസ് ആണ് പിടിയിലായത്. ആളെ തിരിച്ചറിഞ്ഞയുടൻ പെറ്റിക്കേസ് ചുമത്തി വിട്ടയക്കുകയായിരുന്നു.

സെഡ് ക്യാറ്റഗറി സുരക്ഷയാണ് ഗോവ ഗവർണർക്കുള്ളത്. ഇൻസ്പെക്ടർ റാങ്കിലുള്ള പോലീസ് ഓഫീസറുടെ അകമ്പടിയും അഡ്വാൻസ് പൈലറ്റും അകമ്പടി വാഹനവുമാണ് ഇതിലുള്ളത്. ഇത്രയും പോലീസ് വാഹനങ്ങൾക്ക് പുറമെ ആംബുലൻസ്, ഫയർ ഫോഴ്സ് എന്നിവയും ഉണ്ടാകും. ഇതിൻ്റെയെല്ലാം ഇടയിലേക്കാണ് ജൂലിയസ് കാറോടിച്ച് കയറ്റിയത്. ഗോവ രാജ്ഭവൻ വൃത്തങ്ങൾ ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെ. “കാർ ഓടിച്ചുവന്നയാളെ അകമ്പടി പോലീസുകാർ രണ്ട് തവണ വിലക്കുന്നത് കണ്ടു. എന്നാൽ ഇത് പരിഗണിക്കാതെ വീണ്ടും മുന്നോട്ട് കയറാൻ ശ്രമിക്കുകയായിരുന്നു. ഇത് ബോധപൂർവമാണ് എന്നാണ് മനസിലായത്. പോലീസുകാർ ഇടപെടുന്നതും കാർ തടഞ്ഞുവയ്ക്കുന്നതും കണ്ടതിനാൽ കൂടുതൽ ഇടപെട്ടില്ല.” ഗവർണർക്കൊപ്പം സഞ്ചരിച്ചവർ രാജ്ഭവനെ വിഷയം ധരിപ്പിച്ചത് ഇങ്ങനെയാണ്.

ഡ്രൈവറെയും കാറും പോലീസ് കസ്റ്റഡിയിലെടുത്ത് കസബ സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇതിനിടയിൽ ബലപ്രയോഗം വേണ്ടിവന്നപ്പോൾ ഉദ്യോഗസ്ഥർ പോലീസ് മുറ പുറത്തെടുക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ആളെ തിരിച്ചറിഞ്ഞപ്പോൾ കേസെടുക്കാനും കേസില്ലാതെ വെറുതെ വിടാനും കഴിയാത്ത അവസ്ഥയായി. ഇതോടെയാണ് പേരിനൊരു പിഴ ചുമത്താൻ തീരുമാനിച്ച് 1000 രൂപയിൽ ഒതുക്കിയത്. വിഷയം ഗോവ രാജ്ഭവൻ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുമെന്ന് ഉറപ്പായതിനാൽ അത്രയെങ്കിലും വേണ്ടിവരുമെന്ന് പോലീസ് ഉന്നതരെയും ധരിപ്പിച്ചു.

തിങ്കളാഴ്ച ഒരു പകൽ മുഴുവൻ ബന്ധപ്പെട്ടെങ്കിലും ഒരു പ്രതികരണത്തിനും കോഴിക്കോട് പോലീസിലാരും തയ്യാറായില്ല. വിഷയം അറിഞ്ഞിട്ടേയില്ല എന്ന വിചിത്ര മറുപടിയാണ് സിറ്റി പോലീസ് കമ്മിഷണർ രാജ്പാൽ മീണ നൽകിയത്. ഏതായാലും പിഴ ചുമത്തിയതിന് തെളിവായി വാഹൻ വെബ്സൈറ്റിൽ നിന്നുള്ള രസീത് മാധ്യമ സിൻഡിക്കറ്റിന് ലഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top