റെഡ് ആര്‍മിയുടെ അഡ്മിനല്ലെന്ന് പി.ജയരാജന്റെ മകന്‍; മനു തോമസിനെതിരെ 50 ലക്ഷത്തിന് വക്കീല്‍ നോട്ടീസ്

സിപിഎം വിട്ട ശേഷം പി.ജയരാജനെതിരെ ആരോപണ ശരങ്ങള്‍ ഉതിര്‍ക്കുന്ന സിപിഎം മുന്‍ ജില്ലാ കമ്മറ്റിയംഗം മനു തോമസിനെതിരേ വക്കീല്‍ നോട്ടീസ്. പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ആണ് വക്കീല്‍ നോട്ടീസ് അയച്ചത്. അപകീർത്തികരമായ പരാമർശത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ക്വട്ടേഷന്‍ സംഘവുമായി ജെയിനിന് ബന്ധമുണ്ടെന്ന മനുവിന്റെ ആരോപണത്തിന് പിന്നാലെയാണ് നോട്ടീസ് അയച്ചത്.

ക്വട്ടേഷൻ സംഘാം​ഗങ്ങളുമായി ജെയിന് ബന്ധമുണ്ട്. ഇത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് ജയിന്‍ ആണെന്നും മനു ആരോപിച്ചിരുന്നു. മനു തോമസിന്റെ ആരോപണങ്ങളെല്ലാം ജെയിന്‍ തള്ളിക്കളഞ്ഞിരുന്നു.

വിദേശത്ത് മാന്യമായി ജോലിചെയ്ത് ജീവിക്കുന്ന തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിത്. തനിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച് അച്ഛനേയും പൊതുസമൂഹത്തിന് മുന്നിൽ അവഹേളിക്കുന്നു. ‘റെഡ് ആര്‍മി’ പേജിന്റെ അഡ്മിന്‍ താനല്ല. 50 ലക്ഷം അല്ലെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നത്.

കണ്ണൂരില്‍ മനു തുറന്നിട്ട വിവാദങ്ങള്‍ പെട്ടെന്നൊന്നും അണയില്ലെന്നതിന്റെ തെളിവാണ് ജെയിന്റെ കൂടി രംഗപ്രവേശം. വിവാദങ്ങള്‍ സ്വര്‍ണക്കടത്ത് സംഘങ്ങളിലേക്കും സ്വര്‍ണം പൊട്ടിക്കലിലേക്കും ടിപി വധത്തിലേക്കും കടന്നതോടെ സിപിഎം പ്രതിരോധത്തിലാണ്.

പാർട്ടി തിരുത്തുന്നില്ല, അതിനാല്‍ സ്വയം തിരുത്തുകയാണെന്ന് പ്രഖ്യാപിച്ച് മനു തോമസ് സിപിഎം വിട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ പ്രസ്താവനയ്ക്ക് മനു സോഷ്യല്‍ മീഡിയയില്‍ നല്‍കിയ മറുപടി ഏറ്റുപിടിച്ച് പി. ജയരാജൻ രംഗത്ത് എത്തിയതോടെയാണ് വിവാദം കത്തിയത്. തന്നെ പൊതുമധ്യത്തില്‍ താറടിച്ച് കാണിക്കാനാണ് മനു ശ്രമിക്കുന്നതെന്ന് ജയരാജന്‍ കുറിപ്പില്‍ ആരോപിച്ചിരുന്നു. പി.ജയരാജന്റെ കുറിപ്പിന് പിന്തുണയുമായി സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയും ടി.പി.വധക്കേസ് കൊലക്കേസ് പ്രതി കെ.കെ.മുഹമ്മദ് ഷാഫിയുമൊക്കെ രംഗത്തെത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top