ബെസ്റ്റ് ഫാമിലി!! രേവണ്ണയുടെ മറ്റൊരു മകനും പീഡനക്കേസിൽ അകത്തായി

മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച്ഡി രേവണ്ണയുടെ മറ്റൊരു മകനും പീഡനക്കേസിൽ അറസ്റ്റിലായി. നൂറിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് അവരുടെ ദൃശ്യങ്ങൾ എടുത്ത കുറ്റത്തിന് ഇളയ മകൻ പ്രജ്വൽ രേവണ്ണ അറസ്റ്റിലായതിന് പിന്നാലെ മൂത്ത മകൻ സൂരജ് രേവണ്ണയെ ഇന്നലെ കർണാടക പോലീസ് പീഡനക്കേസിൽ അറസ്റ്റ് ചെയ്തു. സൂരജ് കർണാടക നിയമസഭാ കൗൺസിൽ (എംഎൽസി) അംഗമാണ്. പ്രജ്വൽ ഹാസനിൽ നിന്നുള്ള എംപിയായിരുന്നു.
ഇതോടെ കുടുംബമൊന്നാകെ വിവിധ ലൈംഗിക പീഡനക്കേസുകളിൽ പ്രതിസ്ഥാനത്തായി. ലൈംഗികാതിക്രമക്കേസിൽ ജെഡിഎസിൻ്റെ മുൻ മന്ത്രിയും എംഎൽഎയുമായ ഇവരുടെ അച്ഛൻ എച്ച്ഡി രേവണ്ണയെ നേരത്തെ വീട്ടുവേലക്കാരിയെ പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. അതിജീവിതയെ തട്ടിക്കൊണ്ടുപോയെന്നും ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നുമാണ് രേവണ്ണക്കെതിരായ കേസ്. ഇതേ കേസിൽ രേവണ്ണയുടെ ഭാര്യ ഭവാനിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജെഡിഎസ് പ്രവർത്തകനായ 27കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇപ്പോൾ സൂരജ് രേവണ്ണ അറസ്റ്റിലായിരിക്കുന്നത്. ജൂൺ 16നുണ്ടായ സംഭവത്തിൽ പരാതി കിട്ടിയയുടൻ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം പുലർച്ചെയോടെ ഹോലെനരസിപുര പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സൂരജിന്റെ ഫാം ഹൗസിൽ വെച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പരാതിക്കാരൻ്റെ ആരോപണം.
തനിക്കെതിരേയുള്ള ആരോപണങ്ങൾ വ്യാജമാണെന്നാണ് സൂരജ് രേവണ്ണയുടെ പ്രതികരണം. വ്യാജ പീഡന ആരോപണങ്ങൾ ഉന്നയിച്ച് രണ്ടുപേർ തന്നെ ഭീഷണിപ്പെടുത്തുന്നതായി സൂരജ് രേവണ്ണയും പോലീസിൽ പരാതി നൽകിയിരുന്നു.
ലൈംഗീകാരോപണം രൂക്ഷമായപ്പോൾ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ രാജ്യംവിട്ട പ്രജ്വൽ രേവണ്ണയെ തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്ത ശേഷം കഴിഞ്ഞ ഒരു മാസമായി ജയിലിലാണ്. ഇതിനിടയിൽ തന്നെയാണ് സൂരജ് പുതിയ കേസിൽപെട്ടിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here