മുഖ്യമന്ത്രികസേര ലക്ഷ്യമിടുന്ന മാഫിയയേത്? സംസ്ഥാന ഇൻ്റലിജൻസിനെ ഉദ്ധരിച്ച് ഡൽഹിയിൽ പ്രചരിച്ച രേഖയുടെ ഉറവിടം സർക്കാരിന് അറിയണ്ടേ?
മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ ഓഫീസിനും എഡിജിപി അജിത് കുമാറിനുമെതിരായ പിവി അൻവറിൻ്റെ ആരോപണങ്ങളുടെ മുനയൊടിക്കാനായി മലപ്പുറം ജില്ലയെ ദേശവിരുദ്ധ ശക്തികളുടെ കേന്ദ്രമായി പ്രചരിപ്പിക്കാൻ വൻ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായി. സെപ്തംബർ 13ന് ഡൽഹിയിലെ മാധ്യമ പ്രവർത്തകർക്ക് ഇ-മെയിലായും വാട്സ് ആപ്പിലും ലഭ്യമാക്കിയ കുറിപ്പിൽ കേരള പോലീസിൻ്റെ ഇൻ്റലിജൻസ് റിപ്പോർട്ടിലെ വിവരങ്ങളെന്ന മട്ടിലാണ് മലപ്പുറത്തെ സ്വർണ കള്ളക്കടത്ത് കണക്കുകൾ പറയുന്നത്. ദേശീയ മാധ്യമങ്ങൾക്ക് മുന്നിൽ വിശ്വാസ്യത ഉറപ്പാക്കി രാജ്യമാകെ വിഷയം ചർച്ചയാക്കാനാണ് ശ്രമിച്ചതെന്ന് വ്യക്തം.
കള്ളക്കടത്ത്, ഹവാല ഇടപാടുകാർക്കെതിരെ ശക്തമായി ഇടപെടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശ്വാസ്യത അക്കാരണം കൊണ്ട് തന്നെ തകർത്ത് സംസ്ഥാന ഭരണത്തിൽ നേതൃമാറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നാണ് ഈ കുറിപ്പ് പറയുന്നത്. ഭരണമാറ്റം എന്നല്ല ‘നേതൃമാറ്റം’ എന്നാണ് പറയുന്നത് എന്നതിൽ നിന്ന് തന്നെ അത്തരത്തിൽ ആശങ്കയുണ്ടാകാൻ ഇടയുള്ളത് ആർക്കാണെന്നും അതിനെ തടയേണ്ടത് ആരുടെ ആവശ്യമാണെന്നും മറയില്ലാതെ വ്യക്തമാകുന്നുണ്ട്. പിവി അൻവർ ഒറ്റക്കല്ല പാർട്ടിയിലൊരു വിഭാഗം പിന്നിലുണ്ടെന്ന് പുറത്തു പ്രചരിച്ച കിംവദന്തി ഭയക്കുന്നവർ ഉള്ളിലുമുണ്ട് എന്നും കൂടിയാണ് വ്യക്തമാകുന്നത്. ഡൽഹിയിലെ മാധ്യമ പ്രവർത്തകർക്ക് പലർക്കും കിട്ടിയെങ്കിലും അർഹിക്കുന്ന ഗൌരവത്തിൽ ഇനിയും ചർച്ചയായിട്ടില്ലാത്ത ഈ കുറിപ്പിൻ്റെ പൂർണരൂപം ‘മാധ്യമ സിൻഡിക്കറ്റ്’ പുറത്തുവിടുകയാണ്.
പ്രത്യക്ഷത്തിൽ തന്നെ നാഥനില്ലാത്തത് എന്ന് തോന്നിയതിനാൽ ബഹുഭൂരിപക്ഷം പേരും ഇത് അവഗണിച്ചെങ്കിലും സെപ്തംബർ പകുതിക്ക് ശേഷം ഒരു ഇംഗ്ലീഷ് മാധ്യമവും രണ്ട് ദിവസത്തിന് ശേഷം ഒരു മലയാള ദിനപത്രവും ഈ വിഷയം മുൻനിർത്തി വാർത്ത പ്രസിദ്ധീകരിച്ചു. അതിനും മൂന്നു ദിവസത്തിന് ശേഷം സെപ്തംബർ 21നാണ് പിവി അൻവറിന് മറുപടിയെന്ന നിലയിൽ മുഖ്യമന്ത്രി വാർത്താസമ്മേനം നടത്തി മലപ്പുറത്തെ സ്വർണ, ഹവാല കടത്തിൻ്റെ ഇതേ കണക്കുകൾ വെളിപ്പെടുത്തിയത്. അതിന് ശേഷം സെപ്തംബർ 29 ന് ‘ദ ഹിന്ദു’വിന് മുഖ്യമന്ത്രി വിവാദ അഭിമുഖം നൽകുകയും 30ന് അത് പ്രസിദ്ധീകരിച്ചു വരികയും ചെയ്തു. ഈ അഭിമുഖ സമയത്ത് കേരള ഹൌസിലെ തൻ്റെ മുറിയിൽ എത്തിയതായി മുഖ്യമന്ത്രി തന്നെ സമ്മതിച്ച പിആർ ഏജൻസിയുടെ ഇടപെടലും ഗൂഡാലോചനയുമാണ് കഴിഞ്ഞ ഒരുമാസമായി നടക്കുന്ന മലപ്പുറം വിരുദ്ധ ക്യാമ്പെയ്ൻ്റെ പിന്നിലും സംശയിക്കുന്നത്.
എന്നാൽ വ്യാഴാഴ്ച മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലൂടെ വിഷയം മറ്റൊരു തലത്തിലെത്തി. സർക്കാരിന് പിആർ ഏജൻസി ഇല്ലെന്നും ഒരു ഏജൻസിക്കും പിആറിനായി പണം നൽകുന്നില്ലെന്നും ആണ് മുഖ്യമന്ത്രി പറഞ്ഞത്. എങ്കിൽ അദ്ദേഹം പോലും അറിയാതെ അദ്ദേഹത്തിൻ്റെ അഭിമുഖത്തിൽ ഇടപെട്ട് ഇത്രമേൽ വിവാദത്തിലെത്തിച്ച കെയ്സൻ എന്ന ഏജൻസിക്ക് പിന്നിലെ ‘അവതാരം’ ആരാണ് എന്നതാണ് പ്രസക്തമായ ചോദ്യം.
കേരള പോലീസിൻ്റെ ഇൻ്റലിജൻസ് വിഭാഗം ആർക്കാണ് റിപ്പോർട്ട് നൽകുന്നത്? തീർച്ചയായും അത് മുഖ്യമന്ത്രിക്ക്, അല്ലെങ്കിൽ ആഭ്യന്തരമന്ത്രിക്ക്. ഇവിടെ രണ്ടും ഒരാൾ തന്നെ ആയതിനാൽ അത് പിണറായി വിജയൻ്റെ ഓഫീസിലെത്തും. ഏതെങ്കിലും വിഷയത്തിൽ പ്രത്യേകമായി റിപ്പോർട്ട് ആവശ്യപ്പെട്ടാൽ ഡിജിപിക്കും നൽകും. ഇത്തരമൊരു റിപ്പോർട്ടിലെ വിവരങ്ങളെന്ന് പറഞ്ഞ് രാജ്യതലസ്ഥാനത്ത് വാർത്താക്കുറിപ്പ് ഇറക്കി പ്രചരിപ്പിച്ചവർക്ക് അവ എവിടെ നിന്ന് കിട്ടുന്നു? മുഖ്യമന്ത്രിക്കോ കേരള പോലീസിനോ അറിയണ്ടേ?
ഇനി ഇത്തരമൊരു റിപ്പോർട്ടില്ല എന്നാണെങ്കിലോ, എങ്കിൽ പ്രചരിച്ചത് വ്യാജരേഖയാണ്. കേരള പോലീസിൻ്റെയോ ഇൻ്റലിജൻസിൻ്റെയോ പേരിൽ വ്യാജരേഖ ഇറക്കിയെങ്കിൽ അത് കൂടുതൽ ഗൌരവമാണ്. വംശീയ പരാമർശം ഉൾപ്പെടുത്തി പ്രചരിപ്പിച്ചതിനാൽ ഇതിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നും വ്യക്തം. ഇത് രണ്ടായാലും ഒരന്വേഷണത്തിനും ഇതുവരെ തീരുമാനമില്ല എന്നതാണ് സത്യം. ‘ദ ഹിന്ദു’ അഭിമുഖത്തിൽ താൻ പറയാത്ത കാര്യം കൂട്ടിചേർക്കാൻ ആരിടപെട്ടു എന്നതിൽ അന്വേഷണത്തിന് ഉദ്ദേശ്യമില്ലെന്ന് മുഖ്യമന്ത്രിയുടെ വ്യാഴാഴ്ചത്തെ വാർത്താസമ്മേളനത്തോടെ വ്യക്തമായിരുന്നു.
വാർത്താക്കുറിപ്പെന്ന മട്ടിൽ ഡൽഹിയിൽ പ്രചരിച്ച രേഖയുടെ പൂർണരൂപം (പരിഭാഷ):
“സ്വർണ-ഹവാല മാഫിയയ്‌ക്കെതിരായ കേരള സർക്കാരിൻ്റെ ശക്തമായ നടപടികൾ, മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആരോപണങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ടോ?” എന്നാണ് ദില്ലിയിൽ പ്രചരിച്ച വിവാദ കുറിപ്പിൻ്റെ തലക്കെട്ട്/ ഫയൽ നെയിം പോലും ഇതാണ്. “അടുത്ത കാലത്തായി, മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും നേരിട്ട് സ്വർണക്കടത്ത് പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കാനുള്ള ചില ശ്രമങ്ങളുടെ ഭാഗമായി നിരവധി ആരോപണങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) തുടങ്ങിയ കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ തെളിവുകളൊന്നും ലഭിച്ചില്ലെങ്കിലും, ആരോപണങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാപകമായ ചർച്ചകൾക്കും ചർച്ചകൾക്കും ഇടയാക്കിയിട്ടുണ്ട്.
ആരോപണങ്ങളുടെ തുടക്കം മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വച്ചായിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തിൻ്റെ കുടുംബത്തെയും അതിലേക്ക് വലിച്ചിഴച്ചു. അടുത്തിടെ കേരള പോലീസിനും അദ്ദേഹത്തിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ സ്വർണ്ണ കള്ളക്കടത്ത് വീണ്ടും ഒരു പ്രധാന വിഷയമായി ഉയർന്നുവന്നു. എന്നാൽ ഔദ്യോഗിക കണക്കുകളും വിശദവിവരങ്ങളും വസ്തുതകളുടെ മറ്റൊരു തലമാണ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, സംസ്ഥാനത്ത് സ്വർണവും ഹവാല കള്ളക്കടത്തും തടയാൻ കേരള സർക്കാർ ശ്രദ്ധേയമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഇക്കാലയളവിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 188 കേസുകൾ രജിസ്റ്റർ ചെയ്യുകയും 81 കോടി രൂപ വിലമതിക്കുന്ന 147.7892 കിലോഗ്രാം സ്വർണം പിടികൂടുകയും ചെയ്തു. കൂടാതെ 2020 മുതൽ 337 ഹവാല കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, 122.55 കോടി രൂപ കണ്ടുകെട്ടി. ഹവാല ഫണ്ടിൻ്റെ ഒരു പ്രധാനഭാഗം നിരോധിത സംഘടനകളെ പിന്തുണയ്ക്കുന്നതിനായി സംസ്ഥാനത്തേക്ക് ഒഴുകിയതായി വിശ്വസിക്കപ്പെടുന്നു, പിടിച്ചെടുത്തവയിൽ ഭൂരിഭാഗവും മലപ്പുറം ജില്ലയിലാണ്.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളുടെ കുത്തൊഴുക്കിന് സ്വർണം, ഹവാല കള്ളക്കടത്ത് എന്നിവക്കെതിരെ സർക്കാർ സ്വീകരിക്കുന്ന ശക്തമായ നിലപാടുമായി ബന്ധമുണ്ടെന്ന് ഇതുമായി അടുപ്പമുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കേരളത്തിലും വിദേശത്തും ശൃംഖലകളുള്ള മാഫിയകൾ-പ്രത്യേകിച്ച് യുഎഇയിൽ സർക്കാർ വിരുദ്ധ ശക്തികൾക്ക് ധനസഹായം നൽകുന്നുണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുടർച്ചയായ ആരോപണങ്ങളിലൂടെയും പ്രചാരണത്തിലൂടെയും മുഖ്യമന്ത്രി വിജയൻ്റെ പ്രതിച്ഛായയും വിശ്വാസ്യതയും തകർക്കുകയും അതുവഴി സംസ്ഥാനത്ത് നേതൃമാറ്റവും ലക്ഷ്യംവയ്ക്കുന്നു.
കഴിഞ്ഞ രണ്ട് വർഷമായി മുഖ്യമന്ത്രി വിജയനെയും സർക്കാരിനെയും ലക്ഷ്യമിട്ട് പണമിറക്കിയുള്ള സോഷ്യൽ മീഡിയ കാമ്പെയ്‌നുകൾ ഈ മാഫിയകളുടെ ധനസഹായത്തോടെ വർദ്ധിച്ചിരിക്കുകയാണ്. ജ്വല്ലറികൾ, ക്രിമിനൽ സംഘങ്ങൾ, കൊറിയർ ശൃംഖലകൾ എന്നിവ ഉൾപ്പെടുന്ന മാഫിയകൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കുകയും അവരുടെ പ്രവർത്തനങ്ങൾ തടയാനുള്ള സർക്കാരിൻ്റെ ശ്രമങ്ങൾക്കെതിരെ പ്രതികാരമെന്നോണം നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. പോലീസ് സേനയെയും അതിൻ്റെ കാര്യക്ഷമതയെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളിലൂടെ, നിയമവിരുദ്ധ നടപടികൾ തടയുന്നതിൽ പ്രധാന പങ്ക് വഹിച്ച കേരള പോലീസും വിമർശനത്തിന് വിധേയമായിട്ടുണ്ട്. പോലീസിന് നേരെയുള്ള ഈ ആക്രമണങ്ങൾ നിയമപാലകരെ ദുർബലപ്പെടുത്താനും അവരിലുള്ള പൊതുജനവിശ്വാസം തകർക്കാനും കള്ളക്കടത്ത് പ്രവർത്തനങ്ങൾക്ക് എതിരായ നടപടികളെ അട്ടിമറിക്കാനുമുള്ള വിപുലമായ ശ്രമത്തിൻ്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കള്ളക്കടത്ത് തടയാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തെ തകർക്കാനും നിയമം നടപ്പാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നവരെ അപകീർത്തിപ്പെടുത്താനുമുള്ള സർക്കാരിൻ്റെ ശ്രമങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ഏകോപിത പ്രചാരണത്തിൻ്റെ ഭാഗമാണ് ഈ ആരോപണങ്ങളെന്നും നിക്ഷിപ്ത താൽപ്പര്യമുള്ള വിവിധ തലങ്ങളിലുള്ള തർ യോജിച്ചാണ് ഇത്തരം ശ്രമം നടത്തുന്നതെന്നതും ആശങ്കയുളവാക്കുന്നു”. -കുറിപ്പിൽ പറയുന്നു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here