നിപ്പ എത്തിയത് വവ്വാലില്‍ നിന്നോ പന്നികളില്‍ നിന്നോ? ഉറവിടം വ്യക്തമല്ല; ആശങ്കയില്‍ ആരോഗ്യവകുപ്പ്
കോഴിക്കോട്: രണ്ടു വര്‍ഷത്തെ ഇടവേളകളില്‍ മൂന്നു തവണ കോഴിക്കോട് നിപ്പയും തുടര്‍ മരണങ്ങളും വന്നിട്ടും ഉറവിടം സംബന്ധിച്ച അവ്യക്തത തുടരുന്നു. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ആകാം വൈറസ് മനുഷ്യരിലേക്ക് എത്തുന്നത് എന്നാണ് നിഗമനം. പക്ഷെ വവ്വാലാണോ പന്നിയാണോ ഉറവിടം എന്ന് വ്യക്തമല്ല. ഇത് സ്ഥിരീകരിക്കുന്ന ഒരു തെളിവും നിപ്പ മരണങ്ങള്‍ തുടര്‍ക്കഥയായിട്ടും ആരോഗ്യവകുപ്പിന് ലഭിച്ചില്ല.
56 ഓളം വവ്വാലുകളെ ഇക്കുറിയും പിടിച്ച് ടെസ്റ്റ് ചെയ്തെങ്കിലും വവ്വാലാണ് നിപ്പയുടെ ഉറവിടം എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പന്നികളില്‍ നിന്നും നിപ്പ എത്തിയോ എന്ന് കണ്ടെത്താനുള്ള അന്വേഷണവും നടക്കുന്നുണ്ട്.
നിപ്പാ നിരീക്ഷണത്തില്‍ തുടരുന്നവരില്‍ പലരും നെഗറ്റീവ് ആകുന്നത് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ഉറവിടം എന്തെന്ന് വ്യക്തമാകാത്തതില്‍ ആശങ്ക തുടരുകയാണ്. വരുന്ന 25 ആം തീയതി വരെ പോസിറ്റീവ് കേസുകള്‍ വന്നില്ലെങ്കില്‍ നിപ്പയില്‍ നിന്നും കോഴിക്കോട് വിമുക്തമാകുമെന്ന പ്രതീക്ഷയാണ് ആരോഗ്യവകുപ്പ് വച്ചുപുലര്‍ത്തുന്നത്.
2018-ല്‍ നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജാനകിക്കാടിന്റെ ഇരുവശങ്ങളിലുമാണ് പേരാമ്പ്രയും മരുതോങ്കരയുമൊക്കെ. ജാനകിക്കാടില്‍ നിന്നാണ് നിപ്പ എത്തുന്നതെന്നാണ് നിഗമനം. നിപ്പയില്‍ ജനിതക വ്യതിയാനം വന്നിട്ടില്ല. മുന്‍പ് വന്ന അതേ വൈറസ് തന്നെയാണ് ഇക്കുറിയും പ്രത്യക്ഷപ്പെട്ടത്. അതിലും ആരോഗ്യവകുപ്പ് ആശ്വാസം കൊള്ളുകയാണ്.
ജീവനോടെ പിടിച്ച വവ്വാലിനെ ഭോപ്പാലിലാണ് ടെസ്റ്റ് ചെയ്യുന്നത്. ഒരു കാട്ടുപന്നിയെ ചത്ത നിലയില്‍ ലഭിച്ചപ്പോള്‍അതില്‍ നിപ്പാ സാന്നിധ്യമുണ്ടോ എന്നറിയാന്‍ മൃഗസംരക്ഷണ വകുപ്പ് ഭോപ്പാലിലേക്ക് അയച്ചിട്ടുണ്ട്. പഴങ്ങളും അടയ്ക്കയും അയച്ചിരിക്കുന്നത് പൂനെയിലേക്കാണ്. ടെസ്റ്റ് ഫലങ്ങള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.
മരുതോങ്കരയിലെ മുഹമ്മദലിയാണ് ഇക്കുറി ആദ്യം നിപ്പ ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന്റെ തോട്ടത്തില്‍ നിന്നാണ് നിപ്പ ബാധ വന്നത് എന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍. കുറ്റ്യാടിപ്പുഴയുടെ തീരത്താണ് ഈ തോട്ടം. ഈന്ത്, ആപ്പിള്‍ ചാമ്പ, റംബൂട്ടാന്‍ തുടങ്ങി നിരവധി പഴങ്ങള്‍ അവിടെയുണ്ട്. അതെല്ലാം പക്ഷി കടിച്ച രീതിയില്‍ വീണു കിടക്കുന്നുണ്ട്. അടയ്ക്കയും ഈ തോട്ടത്തിലുണ്ട്. ഇതിന്റെയെല്ലാം സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്ന ശേഷം മാത്രമേ എന്തങ്കിലും പറയാന്‍ കഴിയൂ എന്നാണ് കോഴിക്കോട് ഡിഎംഒ മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിച്ചത്.
ഐസിഎംആര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതാണ് നിപ്പ വീണ്ടുമെത്താന്‍ കാരണമെന്ന റിപ്പോര്‍ട്ടുകള്‍ വകുപ്പ് തള്ളിക്കളയുകയാണ്. തലച്ചോറിനെ പനി ബാധിച്ച കേസുകള്‍ ദൈനംദിന നിരീക്ഷണത്തിലുണ്ട്. അത് റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ നിപ്പ അന്വേഷണം നടത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ദൈനംദിന നിരീക്ഷണമാണ് ഐസിഎംആര്‍ മുന്നോട്ട് വയ്ക്കുന്നത്. അത് ചെയ്യുന്നുണ്ടെന്നാണ് വിശദീകരണം.
2018ലാണ് കോഴിക്കോട് ആദ്യം നിപ്പ എത്തുന്നത്. അന്ന് 17 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതിനു ശേഷം രണ്ടു വര്‍ഷത്തിനു ശേഷം കോഴിക്കോട് വീണ്ടും നിപ്പാ സ്ഥിരീകരിച്ചു. അപ്പോള്‍ ഒരു ജീവന്‍ നഷ്ടമായി. അതിനു ശേഷം രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ കോഴിക്കോട് വീണ്ടും നിപ്പ എത്തി. ഇക്കുറിയും രണ്ടു ജീവനുകള്‍ നിപ്പ കൊണ്ടുപോയി. കോഴിക്കോട് നിന്നും നിപ്പ ഒഴിഞ്ഞു പോകുന്നില്ലെന്ന സൂചനയാണ് നിപ്പ ഇടവേളകളും തുടര്‍ മരണങ്ങളുമൊക്കെ നല്‍കുന്ന സൂചന.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here