നിലം തൊടാതെ കിവീസ്; പ്രോട്ടീസിന് വമ്പൻ ജയം

പൂനെ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ 190 റൺസിന് കിവീസിനെ തകർത്ത് പ്രോട്ടീസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് നേടി. ഈ ലോകകപ്പിൽ നാലാം സെഞ്ച്വറി നേടിയ ക്വിന്റൻ ഡികോക്കിന്റേയും (116 പന്തിൽ 114 റൺസ്), രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയ റസ്സീ വാൻഡർ ദസ്സന്റേയും (118 പന്തിൽ 133 റൺസ്) മികവിലാണ് പ്രോട്ടീസ് വമ്പൻ സ്കോർ പടുത്തുയർത്തിയത്. ന്യൂസിലൻഡിനായി ടിം സൗത്തി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ട്രെന്റ് ബോൾട്ട്, ജെയിംസ് നീഷം എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
358 റൺസ് വിജയലക്ഷ്യയുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 35.3 ഓവറിൽ 167 റൺസിന് എല്ലാവരും പുറത്തായി. അർധ സെഞ്ച്വറി നേടിയ ഗ്ലെൻ ഫിലിപ്പാണ് കിവീസ് നിരയിലെ ടോപ്പ് സ്കോററർ. 60 റൺസാണ് താരം നേടിയത്. വിൽ യംഗ് 33 റൺസും ഡാർയ്ൽ മിച്ചൽ 24 റൺസും നേടി.
നാല് വിക്കറ്റ് നേടിയ കേശവ് മഹാരാജാണ് കിവീസ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസൻ മൂന്ന് വിക്കറ്റും ജെറാൾഡ് കോട്ടസി രണ്ടും കാസിഗോ റബാഡ ഒരു വിക്കറ്റും വീഴ്ത്തി.
ടൂർണമെൻ്റിൻ്റെ തുടക്കത്തിൽ മികച്ച ഫോമിലായിരുന്ന ന്യൂസീലൻഡിന്റെ തുടർച്ചയായ മൂന്നാമത്തെ തോൽവിയാണിത്. പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ തുടരുന്നുണ്ടെങ്കിലും ഇന്നത്തെ തോൽവിയോടെ കിവീസിൻ്റെ സെമി സാധ്യത തുലാസിലായി. ദക്ഷിണാഫ്രിക്ക പോയിൻ്റ് പട്ടികയിൽ ഒന്നാമതായി. ദക്ഷിണാഫ്രിക്കയുടെ ആറാം ജയമാണിത്. ആറ് ജയങ്ങളുമായി
രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയേക്കാൾ ഒരു മത്സരം കൂടുതൽ കളിച്ചിട്ടുണ്ട് ദക്ഷിണാഫ്രിക്ക.
നിലവിൽ റൺറേറ്റിൻ്റെ അടിസ്ഥാനത്തിലാണ് പ്രോട്ടീസ് ഒന്നാമതെത്തിയത്. നെതർലൻഡ്സിനോട് മാത്രമാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരം ടൂർണമെൻ്റിൽ തോൽവിയറിയാതെ മുന്നേറുന്ന ഇന്ത്യക്കെതിരെയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here