ഓസിസിനെ നാണം കെടുത്തി ദക്ഷിണാഫ്രിക്ക; രണ്ടാം മത്സരത്തിലും അടിപതറി കംഗാരുക്കള്‍
ലഖ്നൗ: ലോകകപ്പിൽ നടന്ന കരുത്തരുടെ പോരാട്ടത്തിൽ ഓസ്ട്രേലിയക്ക് മേൽ ദക്ഷിണാഫ്രിക്കയുടെ സമഗ്രാധിപത്യം. ബാറ്റിംഗിലും ബോളിംഗിലും ദക്ഷിണാഫ്രിക്കൻ നിര തിളങ്ങിയപ്പോൾ 134 റൺസിൻ്റെ നാണംകെട്ട തോൽവി മുൻ ലോകകപ്പ് ചാമ്പ്യൻമാർ ഏറ്റുവാങ്ങി. ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ തുടർച്ചയായ രണ്ടാം ജയവും ഓസീസിന്റെ തുടർച്ചയായ രണ്ടാം തോൽവിയുമാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 311 റൺസെന്ന മികച്ച സ്കോർ അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 40.5 ഓവറിൽ 177 റൺസിന് എല്ലാവരും പുറത്തായ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാഡയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മാർക്കോ യാൻസനും തബ്രൈസ് ഷംസിയും കേശവ് മഹാരാജുമാണ് കരുത്തരായ ഓസീസ് ബാറ്റിംഗ് നിരയെ എറിഞ്ഞിട്ടത്. 74 പന്തുകൾ നേരിട്ട് 46 റൺസെടുത്ത മാർനസ് ലബുഷെയ്നാണ് ഓസിസിൻ്റെ ടോപ് സ്കോറർ. മിച്ചൽ സ്റ്റാർക്കിനെ കൂട്ടുപിടിച്ച് ഏഴാം വിക്കറ്റിൽ ലബുഷെയ്ൻ കൂട്ടിച്ചേർത്ത 69 റൺസാണ് ഓസീസിൻ്റെ തകർച്ചയുടെ ആക്കം കുറച്ചത്. 51 പന്തുകൾ നേരിട്ട സ്റ്റാർക്ക് 27 റൺസെടുത്ത് പുറത്തായി
ഓപ്പണർ ക്വിന്റൺ ഡിക്കോക്കിന്റെ സെഞ്ചുറി മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 300 കടന്നത്. ഈ ലോകകപ്പിൽ ഡിക്കോക്കിൻ്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണ്. 106 പന്തുകൾ നേരിട്ട താരം 109 റൺസെടുത്തു. ഓസീസ് ഫീൽഡർമാർ തുടർച്ചയായി ക്യാച്ചുകൾ കൈവിട്ടതും ദക്ഷിണാഫ്രിക്കയ്ക്ക് തുണയായി. ഏഴ് ക്യാച്ചുകളാണ് മത്സരത്തിൽ ഓസീസ് ഫീൽഡർമാർ വിട്ടുകളഞ്ഞത്. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മാക്‌സ് വെല്ലും 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ്, ആദം സാംബ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here