എയര്‍പോര്‍ട്ടില്‍ വിമാനം തകർന്ന് വീണ് 179 മരണം; ലാൻഡിംഗ് ഗിയർ തകരാറിലായെന്ന് റിപ്പോർട്ടുകൾ
ബാങ്കോക്കിൽ നിന്ന് 181 പേരുമായി വരികയായിരുന്ന ജെജു എയർലൈൻസിന്‍റെ വിമാനം തകർന്ന് വീണു. ഇന്ന് ദക്ഷിണ കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. കൊറിയൻ പ്രാദേശിക സമയം രാവിലെ ഒമ്പത് മണിക്കായിരുന്നു അപകടം നടന്നത്. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നത്. ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം ചുറ്റുമതിലിൽ ഇടിച്ചാണ് തകർന്നത്.
അപകടസമയത്ത് 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ 179 പേർ മരിച്ചതായും രണ്ടു പേർ രക്ഷപ്പെട്ടതായിട്ടുമാണ് റിപ്പോർട്ടുകൾ. അപകടത്തിൻ്റെ കാരണം പരിശോധിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു. വിമാനത്തിൻ്റെ ലാൻഡിംഗ് ഗിയർ തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ലാൻഡിംഗിന് മുമ്പ് പക്ഷി ഇടിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. തീ പിടിച്ചതിന് ശേഷം വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. 43 മിനിട്ടു കൊണ്ടാണ് അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചത്. അന്വേഷണത്തിന് ദക്ഷിണ കൊറിയൻ സർക്കാർ ഉത്തരവിട്ടുണ്ട്. വിമാനം വേഗതയിൽ റൺവേ കടന്ന് മണ്ണിലൂടെ നിരങ്ങി പോകുന്നതിന്‍റെയും വലിയ ബാരിയറിൽ ഇടിച്ചു തകരുന്നതിന്‍റെയും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here