ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വിദ്യാഭ്യാസ പുരോഗതിയിൽ ബഹുദൂരം മുന്നിലെന്ന് പെരുമാൾ മുരുകൻ
തിരുവനന്തപുരം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വിദ്യാഭ്യാസ പുരോഗതിയിൽ ബഹുദൂരം മുന്നിലാണെന്ന് എഴുത്തുകാരൻ പെരുമാൾ മുരുകൻ. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സാഹിത്യവും വായനയും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേ സ്ഥലത്ത് ലക്ഷക്കണക്കിന് പുസ്തകങ്ങൾ ഒരുമിച്ച് കാണാൻ കഴിയുന്നത് മഹത്തരമാണ്. പുസ്തകോത്സവത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസാരഭാഷ കടന്നുവന്നതോടെയാണ് മനുഷ്യന്റെ അറിവ് വളർന്നുതുടങ്ങിയത്. ഭാഷയിലൂടെയാണ് മനുഷ്യർ ഒരു വിഷയത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഭാഷയില്ലെങ്കിൽ ചിന്തയില്ലെന്നാണ് അതിനർത്ഥം. മനുഷ്യന്റെ കണ്ടെത്തലുകൾ കയ്യെഴുത്തിലൂടെ വരും തലമുറയ്ക്കായി മാറ്റിവച്ചതാണ് മനുഷ്യരാശിയുടെ മുന്നേറ്റത്തിന് കാരണമായത്. ഇപ്പോൾ ഇ-ബുക്കുകളും വായനക്കാരിലേക്കെത്തി തുടങ്ങിയിരിക്കുന്നു. ഇന്നുള്ള പുസ്തക രൂപങ്ങൾ വരുംകാലങ്ങളിൽ ഉണ്ടാകുമോയെന്നത് ചോദ്യചിഹ്നമായി നിലനിൽക്കുകയാണ്. എന്നാൽ വായനക്കാരുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ടെന്നത് ശരിയല്ല. വിദ്യാഭ്യാസ പുരോഗതി, പുസ്തകമേള, ഓൺലൈൻ പുസ്തങ്ങളുടെ ലഭ്യത എന്നിവയിലൂടെ വായനക്കാരുടെ എണ്ണത്തിൽ വർധനവാണുണ്ടായിട്ടുള്ളതെന്നും പെരുമാൾ മുരുകൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here