അഖിലേഷിന് നന്ദി പറഞ്ഞത് വെറുതെ; സമാജ്‌വാദി പാര്‍ട്ടിയെ വീണ്ടും കടന്നാക്രമിച്ച് മായാവതി
മായാവതിക്ക് എതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എയ്ക്ക് എതിരെ പ്രതികരിച്ചതിന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന് മായാവതി നന്ദി പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഈ നന്ദിപ്രകടനത്തിന്റെ അലയൊലി അവസാനിക്കുംമുന്‍പ് തന്നെ എസ്പിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ രംഗത്തെത്തി. സോഷ്യല്‍ മീഡിയ എക്സിലായിരുന്നു മായാവതിയുടെ പ്രതികരണം.
1995ലെ ഗസ്റ്റ്ഹൗസ് ആക്രമണത്തിന്റെ പേരിലാണ് മായാവതി സമാജ്‌വാദി പാര്‍ട്ടിയെ കടന്നാക്രമിച്ചത്. ആ ഘട്ടത്തില്‍ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസിന്റെ നിഷ്ക്രിയത്വത്തിനെയും മായാവതി ശക്തമായി വിമര്‍ശിച്ചു. വേണ്ട സമയത്ത് കോണ്‍ഗ്രസ് സഹായത്തിനെത്തിയില്ലെന്നും രക്ഷിച്ചത് ബിജെപി ആയിരുന്നെന്നും മായാവതി പറഞ്ഞു.
മുലായംസിങ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിനു ബിഎസ്പി നല്‍കിയ പിന്തുണ 1995ല്‍ മായാവതി പിന്‍വലിച്ചിരുന്നു. ഇതോടെ ലഖ്‌നൗ ഗസ്റ്റ്ഹൗസില്‍ പ്രവര്‍ത്തകരെ കാണുകയായിരുന്ന മായാവതിക്ക് നേരെ എസ്പി നേതാക്കളും പ്രവര്‍ത്തകരും ആക്രമണം നടത്തി. ബിജെപി നേതാക്കളാണ് ആ ആക്രമണത്തില്‍ നിന്നും മായാവതിയെ രക്ഷിച്ചത്.
സംഭവം രാഷ്ട്രീയ വിവാദമായതോടെ മുലായംസിങ് യാദവ് സര്‍ക്കാരിനെ പിരിച്ചുവിട്ട് ഗവര്‍ണര്‍ മായാവതിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. ആ ഘട്ടത്തില്‍ യുപിയില്‍ രാഷ്ട്രപതി ഭരണത്തിനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഈ നീക്കം ബിഎസ്പി തകര്‍ത്തതായാണ് മായാവതി അവകാശപ്പെട്ടത്. ജാതി സെന്‍സസില്‍ എസ്‌സി-എസ്‌ടി, മറ്റു പിന്നോക്ക ഒബിസി വിഭാഗങ്ങള്‍ എന്നിവരുടെ അവകാശങ്ങള്‍ ഉറപ്പിക്കാനുള്ള കോണ്‍ഗ്രസ് പ്രതിബദ്ധതയിലും മായാവതി ആശങ്ക പ്രകടിപ്പിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here