തുടരെ രാത്രി ഡ്യൂട്ടി ചെയ്യാന്‍ സൂപ്പര്‍മാനല്ലെന്ന് എസ്പിയോട് ഡിവൈഎസ്പി; ജോലി ബഹിഷ്‌കരിച്ചതിന് പിന്നാലെ കസേര തെറിച്ചു
തൃശൂര്‍ : ജോലി സമ്മര്‍ദം താങ്ങാനാകാതെ പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്യുന്നതില്‍ പരിഹാരം തേടി ഉന്നതോദ്യോഗസ്ഥര്‍ തല പുകയ്ക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ച്ചയായി രാത്രി ഡ്യൂട്ടി നല്‍കുന്നത് വീണ്ടും ചര്‍ച്ചയാകുന്നു. വിസമ്മതം അറിയിച്ച ഡിവൈഎസ്പിയെ സ്ഥലംമാറ്റിയെന്ന വാര്‍ത്തയും പുറത്തുവരുന്നു. തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന പി ഷാജ് ജോസ് ആണ് മേലുദ്യോഗസ്ഥയുടെ അതൃപ്തിയുടെ പേരില്‍ നടപടിക്ക് വിധേയനായത്. കോഴിക്കോട് റൂറല്‍ ക്രൈംറെക്കോര്‍ഡ്‌സ് ബ്യൂറോയിലേക്കാണ് മാറ്റം.
ഇക്കഴിഞ്ഞ ആഗസ്റ്റ് 11നാണ് എസ്പിയും ഡിവൈഎസ്പിയും തമ്മില്‍ വാക്‌പോരുണ്ടായത്. തലേദിവസത്തെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് റെസ്റ്റിലായിരുന്ന ഡിവൈഎസ്പിയോട് അടുത്തദിവസവും രാത്രി മുഴുവന്‍ ജോലിനോക്കാന്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ ആവശ്യപ്പെട്ടതാണ് ഡിവൈഎസ്പിയെ ചൊടിപ്പിച്ചത്. മൂന്നിടത്ത് ഡ്യൂട്ടി ഇട്ടെങ്കിലും ഡിവൈഎസ്പി തിരിഞ്ഞുനോക്കിയില്ല എന്ന് മാത്രമല്ല ആരെയും അറിയിച്ചുമില്ല. ഡ്യൂട്ടിയില്‍ ഇല്ലെന്ന് മനസിലാക്കി ജില്ലാ പോലീസ് മേധാവി മൊബൈല്‍ ഫോണില്‍ പലവട്ടം വിളിച്ചെങ്കിലും എടുത്തില്ല. ഉറങ്ങിപ്പോയതാണെന്ന് അറിയിച്ച് ഡിവൈഎസ്പി തിരികെ വിളിച്ചതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. താന്‍ അമ്പത് വയസ് കഴിഞ്ഞ ആളാണെന്നും തുടര്‍ച്ചയായി രാത്രി ജോലിചെയ്യാന്‍ സൂപ്പര്‍മാനല്ലെന്നും ഡിവൈഎസ്പി പറഞ്ഞു.
വിഷയം ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിയെ രേഖാമൂലം അറിയിച്ചു. തുടര്‍ന്ന് വകുപ്പുതല അന്വേഷണം നടത്തി ഡിജിപി ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി തീരുമാനമായത്. ഇന്ന് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങുകയായിരുന്നു. തൃശൂര്‍ റേഞ്ച് ഡിഐജി അജിത ബീഗത്തിന്റെ നിര്‍ദ്ദേശങ്ങളാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കടുത്ത സമ്മര്‍ദം ഉണ്ടാക്കുന്നതെന്നാണ് ആക്ഷേപം. വിശ്രമമില്ലാതെ തുടരെ ജോലി ചെയ്യേണ്ടിവരുന്നത് പോലീസുകാരുടെയും കുടുംബങ്ങളുടെയും താളം തെറ്റിക്കുകയാണെന്ന് ഏറെക്കാലമായി പരാതിയുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here