രഞ്ജിത്തിനെതിരായ കേസ് ജി.പൂങ്കുഴലിക്ക്; പ്രത്യേക അന്വേഷണ സംഘത്തെ വിളിച്ച് ചേർത്ത് ഡിജിപി

ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നല്‍കിയ പരാതി എസ്പി ജി.പുങ്കുഴലി അന്വേഷിക്കും. കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് പോലീസ് എടുത്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. കൊച്ചി കമ്മിഷണർ ശ്യാം സുന്ദറിന് ഇ മെയിൽ വഴി ഇന്നലെ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.സ്ത്രീത്വത്തെ അപമാനിച്ചതിന്
ഐപിസി 354 വകുപ്പാണ് സംവിധായകനെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗിക താല്‍പര്യത്തോടെ സംവിധായകന്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി.

രേഖാമൂലമുള്ള പരാതിയില്ലാതെ കേസെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് സംഭവത്തിൻ്റെ കൃത്യമായ വിവരങ്ങൾ വ്യക്തമാക്കി പരാതി നൽകിയത്. സംഭവം നടന്ന വര്‍ഷം, സ്ഥലം, രക്ഷപ്പെട്ട രീതി, ആരോടെല്ലാം വിവരം പങ്കുവച്ചു എന്നീ കാര്യങ്ങൾ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹേമ കമ്മിഷന്‍ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് രഞ്ജിത്ത് മോശമായി പെരുമാറി എന്ന വെളിപ്പെടുത്തലുമായി നടി രംഗത്ത് വന്നത്.

2009ല്‍ ‘പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിൻ്റെ കഥ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ തന്നെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. സിനിമയുടെ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് വിളിച്ചതെന്നാണ് കരുതിയത്. രഞ്ജിത്ത് മുറിയിലേക്ക് വിളിപ്പിക്കുകയും ആദ്യം വളകളിലും പിന്നീട് മുടിയിലും തഴുകി. അത് കഴുത്തിലേക്ക് നീങ്ങിയപ്പോൾ തിടുക്കത്തിൽ മുറിവിട്ട് ഓടുകയായിരുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള പണം പോലും നൽകിയില്ല. ഇതിന് ശേഷം മലയാള സിനിമയിൽ ഒരവസരവും കിട്ടിയില്ലെന്നും നടി തുറന്നു പറഞ്ഞിരുന്നു.

നടിയുടെ ആരോപണത്തിൽ സംവിധായകനൊപ്പം നിന്ന സർക്കാർ നേരിട്ട് പരാതി നൽകിയാൽ നടപടിയെടുക്കാം എന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാൽ പ്രതിഷേധം ശക്തമായപ്പോള്‍ മറ്റുവഴികളില്ലാതെ സർക്കാർ കയ്യൊഴിയുകയായിരുന്നു. തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജിവച്ചിരുന്നു. സർക്കാരിന് കളങ്കം ഉണ്ടാകാതിരിക്കാനാണ് പദവി ഒഴിയുന്നത് എന്നായിരുന്നു സംവിധായകൻ്റെ പ്രതികരണം. ആരോപണം നിഷേധിക്കുകയും നടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചതിന് ശേഷമാണ് രേഖാമൂലം അതിജീവിത പരാതി നൽകിയത്.

അതേസമയം; ചലച്ചിത്ര മേഖലയിലെ ലൈംഗിക ചൂഷണത്തെപ്പറ്റി അന്വേഷിക്കാൻ നിയോഗിച്ച അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ഡിജിപിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്താണ് യോഗം. ഏഴംഗ ഐപിഎസ് സംഘത്തിൽ നാല് പേർ വനിതകളാണ്. ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിലാണ് സംഘം. ഡിഐജി എസ്.അജിതാ ബീഗം, എസ്പിമാരായ ജി.പൂങ്കുഴലി, മെറിൻ ജോസഫ്, ഐശ്വര്യ ഡോങ്ക്‌റെ, വി.അജിത്, എസ്.മധുസൂദനൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷിനാണ് മേൽനോട്ട ചുമതല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top