നാടുവാഴി ചമഞ്ഞ് ഇന്‍സ്‌പെക്ടര്‍; മലപ്പുറം അരീക്കോട്ട് കടകളെല്ലാം രാത്രി എട്ടിന് പൂട്ടാന്‍ ഉത്തരവ്; തിരുത്തി ജില്ലാ പോലീസ് മേധാവി

മലപ്പുറം : ഇല്ലാത്ത അധികാരം ഉപയോഗിച്ച് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാഞ്ജ നടപ്പിലാക്കാന്‍ ശ്രമിച്ച് മലപ്പുറം അരീക്കോട് എസ്എച്ച്ഒ. ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി എസ്എച്ച്ഒയെ തിരുത്തി ജില്ലാ പോലീസ് മോധാവി. അരീക്കോട് എസ്എച്ച്ഒ എം.അബ്ബാസ് അലിയാണ് സ്‌റ്റേഷന്‍ പരിധിയിലുള്ള കടകളും, റസ്‌റ്റോറന്റുകളും, റിസോര്‍ട്ടുകളുമെല്ലാം എട്ട് മണിക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് നോട്ടീസ് നല്‍കിയത്. ഹോട്ടലുകള്‍, കൂള്‍ ബാറുകള്‍, ടര്‍ഫുകള്‍ എന്നിവ എട്ട് മണിക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കണം. റിസോര്‍ട്ടുകളില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ക്യാമ്പ് ഫയര്‍ അടക്കം ഒരു പ്രോഗ്രാമുകളും അനുവദിക്കില്ല. എട്ട് മണിക്ക് ശേഷം ഒരു ഗസ്റ്റുകളേയും പ്രവേശിപ്പിക്കരുത്. ബോട്ട് സര്‍വ്വീസുകള്‍ പടക്കകടകള്‍ എന്നിവ അഞ്ച് മണിക്ക് തന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് എസ്എച്ച്ഒ പുറത്തിറക്കിയത്. ഇവ പാലിക്കാതെയുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും നടത്തിപ്പുകാരാകും ഉത്തരവാദിയെന്നും വ്യാപാരികള്‍ക്ക് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രമസമാധാന പാലനത്തിനാണ് ഈ നിര്‍ദേശങ്ങളെന്നാണ് പറഞ്ഞിരിക്കുന്നത്.

എന്നാൽ എസ്എച്ച്ഒയുടെ നിർദേശം മാധ്യമ സിൻഡിക്കറ്റ് ശ്രദ്ധയിൽപെടുത്തിയപ്പോൾ തിരുത്താൻ നിർദേശം നൽകിയിട്ടുണ്ട് എന്നാണ് മലപ്പുറം എസ്പി എസ്.ശശിധരൻ അറിയിച്ചത്. ഉത്തരവ് ചട്ടപ്രകാരമല്ല. അതിന് തക്കവിധമുള്ള ക്രമസമാധാന പ്രശ്‌നങ്ങളുമില്ല. അതിനാൽ നോട്ടീസ് പിൻവലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്; എസ്പി പ്രതികരിച്ചു. പ്രദേശത്തെ ചില സ്ഥിരം പ്രശ്നക്കാരെ കണക്കിലെടുത്തുള്ള സദുദ്ദേശ്യപരമായ ഇടപെടൽ ആണ് എസ്എച്ച്ഒയുടെ നടത്തിയത് എന്നും എന്നാൽ അപാകത ബോധ്യപ്പെട്ടതിനാൽ ആണ് ആവശ്യമായ നിർദേശം നൽകിയതെന്നും എസ്പി കൂട്ടിച്ചേർത്തു.

പുതുവത്സരാഘോഷത്തിന് നല്‍കിയിരിക്കുന്ന പ്രത്യേക നിര്‍ദേശമനുസരിച്ച് രാത്രി 12 മണിവരെ പ്രവര്‍ത്തിക്കാന്‍ കടകള്‍ക്കും ഹോട്ടലുകള്‍ക്കും അനുമതിയുണ്ട്. ഹാളുകളിലും റിസോര്‍ട്ടിനുള്ളിലും ആഘോഷ പരിപാടികള്‍ക്ക് പ്രത്യേകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഔട്ട്‌ഡോര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. പോലീസ് പ്രത്യേക അനുമതി നല്‍കിയിട്ടുള്ള ഫോര്‍ട്ട് കൊച്ചിയിലേതുപോലുളള ഔട്ട്‌ഡോര്‍ പരിപാടികള്‍ക്ക് മാത്രമാണ് ഇളവ് പ്രത്യേക അനുമതിയോടെ മാത്രമേ ഇത്തരം പരിപാടികള്‍ അനുവദിക്കുകയുള്ളൂ. ബാറുകള്‍ അബ്കാരി ആക്ട് പ്രകാരം അനുവദനീയമായ സമയ പരിധിവരെ പ്രവര്‍ത്തിക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top