സത്യപ്രതിജ്ഞാ ദിവസവും നീല ട്രോളി ബാഗ്; സ്പീക്കർ മന്ത്രിയെ ട്രോളിയതോ; പുതിയ ചർച്ച കൊഴുക്കുന്നു

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിവാദങ്ങൾക്ക് തിരികൊടുത്ത നീല ട്രോളി ബാഗ് എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ദിവസം സൃഷ്ടിച്ചത് കൗതുകം. നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത പാലക്കാട് എംഎൽഎ രാഹൂൽ മാങ്കൂട്ടത്തിലിനും ചേലക്കര എംഎൽഎ യു.ആർ. പ്രദീപിനും സ്പീക്കർ പ്രത്യേക ഉപഹാരമായി നൽകിയ നീല ട്രോളി ബാഗാണ് ചർച്ചാ വിഷയം. ഇരുവർക്കുമായി സ്പീക്കറുടെ വക ബാഗ് എംഎൽഎ ഹോസ്റ്റലിൽ എത്തി.

Also Read: ഹോട്ടലില്‍ പോകുന്നത് തക്കാളിപ്പെട്ടിയും ആയാണോ; നീല ട്രോളി ബാഗ് പ്രദര്‍ശിപ്പിച്ച് രാഹുലിന്റെ വാര്‍ത്താസമ്മേളനം

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ മന്ത്രി എംബി രാജേഷും സിപിഎം സംഘവും നീല ട്രോളി ബാഗ് വിഷയം ഉയർത്തി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. യുഡിഎഫിനായി നേതാക്കൾ താമസിച്ച ഹോട്ടലിൽ നീല ട്രോളി ബാഗിൽ കള്ളപ്പണമെത്തിയെന്നായിരുന്നു ആരോപണം. വനിതാ നേതാക്കളുടെയടക്കം മുറികളിൽ നടത്തിയ പാതിരാ റെയ്ഡും വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയിരുന്നത്. പിറ്റേ ദിവസം യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ നീല ട്രോളി ബാഗുമായി വാർത്താ സമ്മേളനവും നടത്തിയിരുന്നു.

Also Read: നീലപെട്ടിയില്‍ തെളിവില്ലെന്ന് പോലീസ്; പാലക്കാട് തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മിന് വീണ്ടും തിരിച്ചടി

തൻ്റെ വസ്ത്രങ്ങൾ കൊണ്ടുവന്ന ബാഗായിരുന്നു ഇതെന്നായിരുന്നു അദ്ദേഹത്തിൻ്റെ വാദം. ഹോട്ടലില്‍ വരുമ്പോള്‍ തക്കാളിപ്പെട്ടിയുമായി വരണമായിരുന്നോ എന്നായിരുന്നു രാഹുൽ ഉയർത്തിയ ചോദ്യം. സംഭവം യുഡിഎഫിനും എൽഡിഎഫിനും എതിരെ ട്രോളുകൾക്ക് ഉണ്ടാകുന്നതിന് കാരണമായിരുന്നു. സിപിഎം നേതാക്കളെ കളിയാക്കിക്കൊണ്ടായിരുന്നു ഭൂരിപക്ഷം ട്രോളുകളും. മന്ത്രി രാജേഷും എഎ റഹിം എംപിയും ട്രോളർമാരുടെ കടുത്ത ആക്രമണമാണ് നേരിട്ടത്. ഇപ്പോഴും നീല ബാഗിൽ കള്ളപ്പണം കൊണ്ടുവന്നെന്ന ആരോപണത്തിൽ സിപിഎം ഉറച്ചു നിൽക്കുമ്പോഴാണ് സ്പീക്കറുടെ സമ്മാനമായി ട്രോളി ബാഗുകൾ എംഎൽഎ ക്വാർട്ടേഴ്സിൽ എത്തിയിരിക്കുന്നത്.

Also Read: വനിതാ നേതാക്കളുടെ മുറികളിലെ പരിശോധനയിൽ വനിതാ കമ്മിഷൻ ഇടപെടൽ; റിപ്പോർട്ട് ആവശ്യപ്പെട്ടു

നീല ട്രോളി ബാഗ് ഉപഹാരം നൽകിയതിലൂടെ സ്പീക്കർ മന്ത്രി രാജേഷിനെ ട്രോളിയതാണ് എന്ന അടക്കം പറച്ചിലുകളും നിയമസഭാ ജീവനക്കാര്‍ക്ക് ഇടയില്‍ ഉയരുന്നുണ്ട്. പാർലമെൻ്ററികാര്യ മന്ത്രിയായ രാജേഷിന് സത്യപ്രതിജ്ഞ ചടങ്ങിൽ വേദിയിൽ സ്ഥാനം നൽകാതിരുന്നതാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നത്. സാധാരണ രീതിയിൽപാർലമെന്ററി കാര്യ മന്ത്രിക്കാണ് വേദിയിൽ സ്ഥാനം നൽകുന്നത് എന്നാൽ രാജേഷ് എത്തുന്നതിന് മുമ്പ് മന്ത്രി സജി ചെറിയാനെ സ്പീക്കർ വേദിയിൽ ഇരുത്തി. ഇത് കാരണം രാജേഷിന് വേദിയിൽ ഇടം ലഭിക്കാതെ വരികയായിരുന്നു. അതേസമയം ബാഗുകളുടെ നിറം നീലയായത് യാദൃശ്ചികമെന്നാണ് സ്പീക്കറുടെ പ്രതികരണം.

Also Read: മഞ്ഞപ്പെട്ടി, നീലപ്പെട്ടി ചര്‍ച്ച കണ്ണില്‍പ്പൊടിയിടാന്‍; മന്ത്രി രാജേഷിനെ തള്ളി കൃഷ്ണദാസ്; സിപിഎം പോര് മറനീക്കുന്നു


നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള ഇരു മുന്നണിയുടെയും നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. യുആർ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിൻറെ സത്യപ്രതിജ്ഞ. നിയമസഭയിൽ കന്നിക്കാരനാണ് രാഹുൽ. യുആർ പ്രദീപിൻ്റെ രണ്ടാമൂഴമാണിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top