സ്പീക്കര്‍ – സതീശന്‍ തര്‍ക്കം ഇന്നും; നടുത്തളത്തില്‍ ബഹളം, ബഹിഷ്‌കരണം; അതിവേഗം പിരിഞ്ഞ് നിയമസഭ

നിയമസഭയില്‍ വാക്കൗട്ട് പ്രസംഗം നീണ്ടു പോയതിനെ ചൊല്ലി തര്‍ക്കിച്ച് സ്പീക്കര്‍ എഎന്‍ ഷംസീറും പ്രതിപക്ഷ നേതാവ് വിഡി സതീശനും. എസ്സി, എസ്ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ ഫണ്ട് വെട്ടിക്കുറച്ച വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗത്തിനിടെയാണ് തര്‍ക്കമുണ്ടായത്.

സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. പ്രസംഗം ഒന്‍പത് മിനിറ്റ് പിന്നിട്ടപ്പോള്‍ സ്പീക്കര്‍ ഇടപെട്ടു. പ്രസംഗം പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ആദ്യം ഇതിനെ അവഗണിച്ചെങ്കിലും സ്പീക്കര്‍ വീണ്ടും ഇടപെട്ടതോടെ എന്തുകൊണ്ടാണ് പ്രസംഗം തടസപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. തന്നെ തടസപ്പെടുത്തിക്കൊണ്ടു സഭ നടത്തിക്കൊണ്ടുപോകാനാണോ ഉദ്ദേശിക്കുന്നതെന്നും സതീശന്‍ ചോദിച്ചു. പ്രസംഗിക്കുന്നത് തന്റെ അവകാശമാണെന്നും സ്പീക്കറുടെ ഔദാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. രംഗം ശാന്തമാക്കാന്‍ സ്പീക്കര്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഇതോടെ സ്പീക്കര്‍ മറ്റ് നടപടിക്രമങ്ങളിലേക്കു കടന്നു. പിന്നാലെ പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. ഇതോടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.

കഴിഞ്ഞ ദിവസവും സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തന്റെ പ്രസംഗം തടസപ്പെടുത്തി മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാനാണ് സ്പീക്കര്‍ ശ്രമിക്കുന്നതെന്ന് സതീശന്‍ ആരോപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top