മാസപ്പടി മിണ്ടരുതെന്ന് സ്പീക്കര്‍; എന്ത് പറയണമെന്ന് താനല്ലേ തിരുമാനിക്കേണ്ടതെന്ന് കുഴല്‍നാടന്‍; സഭയില്‍ തര്‍ക്കം

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാസപ്പടി വിഷയം സഭയില്‍ ഉന്നയിക്കുന്നതിനെ ചൊല്ലി സ്പീക്കര്‍ എഎന്‍ ഷംസീറും മാത്യു കുഴല്‍ നാടാന്‍ എംഎല്‍എയും തമ്മില്‍ തര്‍ക്കം. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയാണ് മാസപ്പടി വിവാദം കുഴല്‍നാടന്‍ വീണ്ടും ഉന്നയിച്ചത്. മാസപ്പടിയില്‍ താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ഇതിന്റെ പേരില്‍ സിപിഎം വേട്ടയാടി. വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടത്തി. എന്നാല്‍ ഹൈക്കോടതി മുഖ്യമന്ത്രിക്ക് നോട്ടീസയച്ചതോടെ പറഞ്ഞ കാര്യങ്ങള്‍ സത്യമായതായും കുഴല്‍നാടന്‍ പറഞ്ഞു.
ഇതോടെ സ്പീക്കര്‍ ഇടപെട്ടു. പലതവണ പറഞ്ഞ കാര്യം വീണ്ടും ആവര്‍ത്തിക്കരുതെന്ന് സ്പീക്കര്‍ പറഞ്ഞു. സ്ഥിരമായി പറഞ്ഞ പല്ലവി പാടണ്ട. എല്ലാ അവസരത്തിലും ഇക്കാര്യമാണ് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ കയ്യടി കിട്ടാന്‍ വേണ്ടി പ്രസംഗിക്കരുത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. നിയമം അറിയുന്ന നിങ്ങള്‍ ഇത് ആവര്‍ത്തിച്ച് പറയുന്നത് ശരിയല്ല. വിഷയത്തെ കുറിച്ച് സംസാരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
താന്‍ എന്താണ് പറയേണ്ടത് എന്ന് താനല്ലേ തീരുമാനിക്കേണ്ടതെന്ന് മാത്യു കുഴല്‍നാടന്‍ സ്പീക്കര്‍ക്ക് മറുപടി നല്‍കി. മാസപ്പടി ഡയറിയിലെ പിവി താനല്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. അത് വിശ്വസിക്കുന്നവര്‍ ഇപ്പോഴും കേരളത്തിലുണ്ട്. ഹൈക്കോടതിയില്‍ പിവി താന്‍ അല്ലെന്ന് പറയാന്‍ പിണറായി വിജയനെ വെല്ലുവിളിക്കുകയാണ്. ഇത് തെളിയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാമെന്നും കുഴല്‍നാടന്‍ പറഞ്ഞു.
ചട്ടവും ക്രമവും പാലിക്കാത്തതൊന്നും സഭാ രേഖകളിലുണ്ടാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇത് മര്യാദകേടാണെന്നായിരുന്നു കുഴല്‍നാടന്റെ മറുപടി. അങ്ങ് പുതിയ ആളായതു കൊണ്ടാണ് അറിയാത്തത്. സീനിയേഴ്‌സിനോട് ചോദിക്കൂവെന്നും സ്പീക്കര്‍ മറുപടി നല്‍കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here