ഹേമ കമ്മറ്റി റിപ്പോർട്ടിൽ കെകെ രമയുടെ അടിയന്തിര പ്രമേയ നോട്ടീസ് തള്ളി; നിയമസഭ കൗരവ സഭയായെന്ന് പ്രതിപക്ഷം

ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സർക്കാർ നിയമിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ കെകെ രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു നോട്ടീസ് നല്‍കിയിരുന്നത്. പോക്‌സോ അടക്കമുള്ള കണ്ടെത്തലുകളില്‍ അന്വേഷണം നടത്തിയില്ലെന്നും കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചലച്ചിത്ര മേഖലയിലെ സ്ത്രീകൾക്കെതിരായ ക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങളുണ്ട്. എന്നാൽ കേസുമായി മുന്നോട്ടു പോകുന്നില്ല. ഇത് സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നും നോട്ടീട്ടിൽ ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നും അതിനാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്നും ചൂണ്ടിക്കാട്ടി സ്പീക്കര്‍ എഎന്‍ ഷംസീര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.


സ്പീക്കറുടെ നടപടിയെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രൂക്ഷമായി വിമർശിച്ചു. അവതരണത്തിന് അനുമതിയില്ലെങ്കിൽ എന്തിനാണ് ചോദ്യം അനുവദിച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സ്ത്രീകളെ ഇതുപോലെ ബാധിച്ച വിഷയം ചര്‍ച്ച ചെയ്യാത്തത് അപമാനകരമാണ്. ഹേമ കമ്മറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സർക്കാറിന് താൽപര്യമില്ല. സർക്കാരും മന്ത്രിയും ലൈംഗിക കുറ്റകൃത്യങ്ങൾ ഒളിച്ചുവെക്കുകയാണ്. ഈ സർക്കാറിനെ സ്ത്രീകൾ എങ്ങനെ വിശ്വസിക്കും. അടിയന്തര പ്രമേയ നോട്ടീസ് ചർച്ച ചെയ്യാത്തത് നിയമസഭക്ക് അപമാനമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.


റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ കത്തെഴുതിയെന്ന് പറഞ്ഞ് സര്‍ക്കാര്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് വാര്‍ത്താസമ്മേളനത്തില്‍ വിഡി സതീശൻ വിമർശിച്ചു. മുഖ്യമന്ത്രിയാണ് ആദ്യം ഇന്ത് പറഞ്ഞത്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ഹേമ കമ്മറ്റി പറഞ്ഞിട്ടില്ല. നിയമസഭയില്‍ അല്ലെങ്കില്‍ പിന്നെ എവിടെയാണ് ചര്‍ച്ച ചെയ്യുന്നതെന്ന് പതിപക്ഷ നേതാവ് ചോദിച്ചു. കേരള നിയമസഭ കൗരവസഭയായി മാറുകയാണോ എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ സഭയിൽ നിന്നും വിട്ടു നിന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സമ്മേളനത്തിൽ പങ്കെടുത്തു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയിലും തൃശൂർ പൂരം കലക്കലക്കലുമായി ബന്ധപ്പെട്ട ചർച്ചയിലും പിണറായി വിജയന്‍ പങ്കെടുത്തിരുന്നില്ല. തൊണ്ടവേദനയും പനിയും കാരണം വിട്ടു നിന്നതെന്നായിരുന്നു നല്‍കിയ വിശദീകരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top