റാഗിങിനിരയായ സിദ്ധാര്‍ത്ഥന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും; ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി; പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഉത്തരവ്

തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയി റാഗിങിനിരയായ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം പ്രത്യേകസംഘം അന്വേഷിക്കും. അതിവേഗം പ്രത്യേകസംഘത്തെ രൂപീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

ബിവിഎസ്സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണത്തിലെ തര്‍ക്കത്തെത്തുടര്‍ന്ന് കോളജില്‍വെച്ച് സിദ്ധാര്‍ത്ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്ന് രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നും പരാതിയുണ്ട്. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ്.

എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് സിദ്ധാര്‍ത്ഥനെ ആക്രമിച്ചതെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജിലെ എസ്എഫ്‌ഐ നേതാക്കളടക്കം 18 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കേസിലെ മുഖ്യപ്രതി അഖിലുള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ്എഫ്‌ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കല്‍മേട് സ്വദേശി എസ്.അഭിഷേക്, രെഹാന്‍ ബിനോയ്, എസ്.ഡി.ആകാശ്, ആര്‍.ഡി.ശ്രീഹരി, ഡോണ്‍സ് ഡായ്, ബില്‍ഗേറ്റ്‌സ് ജോഷ്വ എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദനം എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. മറ്റ് പ്രതികളായ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇസ്ഹാന്‍, കോളജ് യൂണിയന്‍ പ്രസിഡന്റ് കെ.അരുണ്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍ എന്നിവരടക്കം 11 പേര്‍ ഒളിവിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top