ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം അന്വേഷണ സംഘത്തിന്റെ കയ്യില്‍; നിര്‍ണായക യോഗം ഇന്ന്
സിനിമാമേഖലയിലെ പീഡനങ്ങള്‍ അന്വേഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് പോലീസ് ആസ്ഥാനത്തു ചേരും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് റിപ്പോര്‍ട്ട് കൈമാറിയത്. മൊഴി നല്‍കിയവരുടെ പേരുവിവരങ്ങളും മൊഴിയുടെ ഉള്ളടക്കവും വെളിയില്‍ വരാത്ത വിധമാകും അന്വേഷണം. അതുകൊണ്ട് തന്നെ കേസിന്റെ കാര്യത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ അന്വേഷണസംഘം കൈക്കൊണ്ടേക്കും.
റിപ്പോര്‍ട്ട് കിട്ടിയിട്ടും മൂന്ന് വര്‍ഷം എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് ഹൈക്കോടതി ഇന്നലെ സര്‍ക്കാരിനോട് ചോദിച്ചിരുന്നു. രൂക്ഷവിമര്‍ശനമാണ് കോടതിയില്‍ നിന്നുമുണ്ടായത്. കേസ് എടുക്കേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ കേസ് എടുക്കണം എന്നാണ് നിര്‍ദേശിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇതിന്മേലുള്ള റിപ്പോർട്ട് അന്വേഷണ സംഘം സമർപ്പിക്കണം. സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സര്‍ക്കാരും നല്‍കണം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണം, ശുപാർശകൾ നടപ്പാക്കണം എന്ന ആവശ്യമാണ് ഇവര്‍ മുഖ്യമന്ത്രിക്ക് മുന്‍പാകെ വച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here