ബാര്‍ക്കോഴ അന്വേഷണത്തിന് പ്രത്യേക സംഘം; ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്‍ മേല്‍നോട്ടം വഹിക്കും; അന്വേഷണം ഗൂഡാലോചനയെന്ന എക്‌സൈസ് മന്ത്രിയുടെ പരാതിയില്‍

തിരുവനന്തപുരം : മദ്യനയത്തില്‍ അനുകൂല തീരുമാനത്തിന് കോഴ നല്‍കണമെന്ന ബാര്‍ ഉടമയുടെ ശബ്ദരേഖയില്‍ അന്വേഷണം നടത്താന്‍ പ്രത്യേകസംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി ബിനുവാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. എസ്പി മധുസൂദനന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

ആരോപണത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആരോപണം ഉയര്‍ന്നതിനു പിന്നാലെ തന്നെ ഇത് സര്‍ക്കാരിനെതിരായ ഗൂഡാലോചനയെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. ചര്‍ച്ച പോലും ആരംഭിച്ചിട്ടില്ലാത്ത മദ്യനയത്തിന്റെ പേരില്‍ ഉയരുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഎമ്മും പ്രതികരിച്ചിരുന്നു. പിന്നാലെയാണ് മന്ത്രി ഡിജിപിക്ക് പരാതി നല്‍കിയത്. നിയമസഭാ സമ്മേളനം ചേരാനിരിക്കെ വേഗത്തില്‍ അന്വേഷണം നടത്താനാണ് പ്രത്യേക സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

മദ്യനയത്തില്‍ അനുകൂല തീരുമാനത്തിന് ഓരോ ബാര്‍ ഉടമയും രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നാണ് ഉടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അനിമോന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം കൂടിയ ശേഷം പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്നും അനിമോന്‍ വ്യക്തമാക്കുന്നുണ്ട്. ഇടുക്കിയിലെ ബാര്‍ ഉടമകള്‍ക്കാണ് അനിമോന്‍ സന്ദേശം അയച്ചിരിക്കുന്നത്. ഈ ശബ്ദസന്ദേശം പുറത്തുവന്നതോടെ അനിമോനെ സംഘടനയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top