സുരക്ഷാ വീഴ്ച: പ്രത്യേക അന്വേഷണ സംഘം
ഇടുക്കി: ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ശ്രമങ്ങൾ ഊർജ്ജമാക്കിയിട്ടുണ്ട് ലുക്കൗട്ട് നോട്ടീസ് ഉടൻ പുറപ്പെടുവിക്കും. പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടെന്നതിന് നിലവിൽ തെളിവുകളില്ലെന്നും എസ്‌പി വി.യു കുര്യാക്കോസ് വ്യക്തമാക്കി. ഇതിനിടെ പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന വാദവുമായി ബന്ധുക്കൾ രംഗത്തെത്തി. സംഭവത്തിൽ മിലിറ്ററി ഇൻറലിജൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡാമിന് കേടുപാട് സംഭവിച്ചിട്ടില്ലെന്നാണ് വിദഗ്ദ്ധ പരിശോധനയിൽ വ്യക്തമായത്.
ഇക്കഴിഞ്ഞ ജൂലൈ 22ന് പകൽ 3.15 നാണ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് നിയാസ് ഡാമിൽ കയറി ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയത്. ഹൈമാസ്റ്റ് ലൈറ്റുകളുടെ ടവറിലും എർത്ത് വയറുകളിലുമാണ് താഴുകൾ സ്ഥാപിച്ചത്. ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തിരുന്നു. 11 സ്ഥലത്താണ് താഴ് ഉപയോഗിച്ച് പൂട്ടിയത്. ചെറുതോണിയിൽ നിന്നാണ് ഇയാൾ താഴുകൾ വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
മുഹമ്മദ് നിയാസിനെ പരിശോധനകൾ ഇല്ലാതെ കടത്തി വിട്ടുവെന്ന് അഡീഷണൽ എസ്‌പി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പോലീസിന്റെ കർശന പരിശോധന മറികടന്ന് യുവാവ് അകത്തു കടന്നത് വലിയ സുരക്ഷ വീഴ്ചയാണ്. ആ സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആറ് പൊലീസുകാരെ കഴിഞ്ഞദിവസം സസ്പെന്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here