അമീബിക്ക് മസ്തിഷ്‌ക ജ്വരം : ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു
തിരുവനന്തപുരത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തുടര്‍ ചികിത്സ ഉറപ്പാക്കും. മരണമടഞ്ഞയാളെ കൂടാതെ നിലവില്‍ 6 പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ആദ്യ രോഗിക്ക് എങ്ങനെ രോഗമുണ്ടായി എന്നതില്‍ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് രോഗം വരാന്‍ സാധ്യതയുള്ള മറ്റുള്ളവരെ കണ്ടെത്തിയത്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങളായ തലവേദന, കഴുത്തിന് പിന്നിലുണ്ടായ വേദനയും ഉണ്ടായപ്പോള്‍ തന്നെ സ്രവ സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ച് ചികിത്സ ഉറപ്പാക്കാന്‍ സാധിച്ചു. 2 പേര്‍ക്ക് രോഗം സംശയിക്കപ്പെടുന്നുമുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. പ്രോട്ടോകോള്‍ പ്രകാരം 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നത്.
രോഗം സ്ഥിരീകരിച്ചവരില്‍ 5 പേരും പായല്‍ പിടിച്ചു കിടന്ന കുളത്തിലെ വെള്ളവുമായി പല രീതിയില്‍ സമ്പര്‍ക്കമുണ്ടായ ആള്‍ക്കാരാണ്. ഒരാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. വീട്ടിലെ കിണര്‍ വൃത്തിയാക്കിയപ്പോള്‍ ചെളിയിലുള്ള അമീബ കലര്‍ന്ന വെള്ളത്തില്‍ നിന്നാകാം രോഗം ഉണ്ടായതെന്നാണ് നിഗമനം. ഇത് വിശദമായി പരിശോധിക്കും. രോഗബാധിതര്‍ കുളിച്ച കുളത്തിലെ വെള്ളവുമായി ഏതെങ്കിലും രീതില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ചികിത്സ തേടേണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 33 പേര്‍ കുളത്തിലെ ജലവുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്ക് വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുളത്തിലെ വെള്ളമോ നീരാവിയോ നേരിട്ട് മൂക്കിലേക്ക് വലിച്ചെടുക്കുന്ന ആളുകള്‍ക്കും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു.
ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here