ആമയിഴഞ്ചാന്‍ തോട് ശുചീകരണം വേഗത്തിലാക്കും; ഏകോപിപ്പിക്കാന്‍ സബ് കളക്ടറെ സ്‌പെഷ്യല്‍ ഓഫീസറാക്കി

ആമയിഴഞ്ചാന്‍ തോട് ഉള്‍പ്പെടെ തിരുവനന്തപുരം നഗരത്തിലെ മാലിന്യ സംസ്കരണം ഏകോപിപ്പിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ തീരുമാനം. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ സബ് കളക്ടറെയാണ് സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കുക. മേജര്‍ ഇറിഗേഷന്‍, കോര്‍പ്പറേഷന്‍, റെയില്‍വേ എന്നീ മൂന്ന് വിഭാഗങ്ങളുടെയും ഏകോപനം ഉറപ്പാക്കും. മാലിന്യ പ്രശ്‌നം പരിഹിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടിലെ വകുപ്പുകള്‍ ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഈ തീരുമാനമെടുത്തത്.
എല്ലാ ദിവസവും ശാസ്ത്രീയമായ മാലിന്യ സംസ്‌ക്കരണം റെയില്‍വേ ഉറപ്പു വരുത്തണം. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലൂടെ ഒഴുകുന്ന 130 മീറ്റര്‍ നീളമുള്ള ടണല്‍ ശുചീകരിക്കണം എന്ന് ഇന്ത്യന്‍ റെയില്‍വേക്ക് നിര്‍ദേശം നല്‍കി. ട്രയിനുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നു എന്ന് ഉറപ്പാക്കാന്‍ റെയില്‍വേ എഞ്ചിനീയറിംഗ് വിഭാഗം ആഴ്ചയിലൊരിക്കല്‍ പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചു. മറ്റ് ഭാഗങ്ങളിലെ ശുചീകരണം നഗരസഭ വേഗത്തില്‍ പൂര്‍ത്തിയാക്കണം. തോടിന്റെ രണ്ട് ഭാഗത്തുള്ള ഫെന്‍സിങ്ങിന്റെ അറ്റകുറ്റപ്പണി ഇറിഗേഷന്‍ വകുപ്പ് നടത്തും. തോടിന്റെ കരകളില്‍ 40 എഐ ക്യാമറകള്‍ സ്ഥാപിക്കും. ഇവയെ പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പിക്കും. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും തീരുമാനിച്ചു.
തമ്പാനൂര്‍ ബസ് ഡിപ്പോയിലെ സര്‍വീസ് സ്റ്റേഷനില്‍ നിന്നുള്ള മലിന ജലവും മറ്റ് ഖര മാലിന്യങ്ങളും ആമയിഴഞ്ചാന്‍ തോട്ടിലേക്ക് തള്ളുന്നത് അവസാനിപ്പിക്കണം. പകരം ക്രമീകരിക്കണം ഒരുക്കണമെന്നും കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കി. വീടുകളിലെ മലിനജലം ആമയിഴഞ്ചാന്‍ തോട്ടിലേക്ക് ഒഴുക്കുന്നത് തടയണം. തകരപറമ്പ്, പാറ്റൂര്‍, വഞ്ചിയൂര്‍, ജനശക്തി നഗര്‍, കണ്ണമ്മൂല എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെ മലിനജലം ആമയിഴഞ്ചാന്‍ തോട്ടിലേക്ക് ഒഴുക്കുന്നതിനെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നും തീരുമാനിച്ചു.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴില്‍, ഭക്ഷ്യം, കായികം -റെയില്‍വേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎല്‍എമാരും തിരുവനന്തപുരം മേയറും പങ്കെടുത്തു. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയില്‍വേ ഡിവിഷണല്‍ മാനേജരും യോഗത്തിലുണ്ടായി. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് സഹായം നല്‍കണമെന്ന് റയില്‍വേയോട് മുഖ്യമന്ത്രി പ്രത്യേകം ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് റയില്‍വേയും അറിയിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here