മാന്നാര്‍ കല കേസ് പ്രത്യേക സംഘം അന്വേഷിക്കും; കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നു

ആലപ്പുഴ മാന്നാറിലെ കല കൊലക്കേസ് പ്രത്യേക സംഘം അന്വേഷിക്കും. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 21 അംഗ സംഘമാണ് കേസന്വേഷിക്കുക. മാന്നാര്‍, അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പോലീസിന്റെ ശ്രമം. കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികളെയും പ്രത്യേക സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്.

കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് തെളിവെടുപ്പിനും എത്തിക്കും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികള്‍ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും എത്തിച്ച് തെളിവെടുക്കാനാണ് പോലീസിന്റെ തീരുമാനം. അറസ്റ്റിലായ മൂന്ന് പ്രതികളുടെയും 6 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.

കലയുടെ ഭര്‍ത്താവ് അനില്‍ ആണ് കേസിലെ ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ നാലുപേരും ചേര്‍ന്ന് കലയെ കാറില്‍വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. നിലവില്‍ ഇസ്രായേലിലുള്ള അനിലിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്. നിലവില്‍ ഇസ്രയേലില്‍ ചികിത്സയിലാണ് അനില്‍. കലയുടെ മരണം വെളിയില്‍ വന്ന വിവരം അറിഞ്ഞതോടെയാണ് രക്തസമ്മര്‍ദ്ധം ഉയര്‍ന്നതും ചികിത്സ തേടിയതും. ആശുപത്രിയില്‍ ആണെന്ന കാര്യം വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top