യുപിയിൽ മരിച്ച ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ പോസ്റ്റുമോർട്ടം നടത്താൻ പ്രത്യേക സംഘം; വിഷം നൽകി കൊലപ്പെടുത്തിയെന്ന് ആരോപണവുമായി കുടുംബം

ലക്‌നൗ: രാഷ്ട്രീയ നേതാവും ഗുണ്ടാത്തലവനുമായ മുക്താർ അൻസാരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി കുടുംബം. ജയിലിൽവച്ച് പലതവണ വിഷം നൽകിയെന്ന് അൻസാരി പറഞ്ഞതായാണ് കുടുംബം ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മുക്താർ അൻസാരിയുടെ മൃതദേഹം ഇന്ന് ബാന്ദ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്യും. പോസ്റ്റുമോർട്ടം നടത്തുന്നതിനായി അഞ്ചംഗ ഡോക്ടർമാരുടെ പാനൽ രൂപീകരിച്ചിട്ടുണ്ട്. മുക്താർ അൻസാരിയെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്നും കോടതിയെ സമീപിക്കുമെന്നും മകൻ ഉമ്മർ വ്യക്തമാക്കി.

അതേസമയം മുക്തർ അൻസാരിയുടെ മരണത്തെ തുടർന്ന് ഉത്തർപ്രദേശിൽ സുരക്ഷ കർശനമാക്കി. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജയിലിൽ അബോധാവസ്ഥയിൽ കണ്ട അൻസാരിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. ഹൃദയാഘാതമുണ്ടായെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചത്.

വിവിധ സംസ്ഥാനങ്ങളിലായി അറുപത്തിൽപ്പരം ക്രിമിനൽ കേസുകളിൽ പ്രതിയാണ് അൻസാരി. ബിജെപി എംഎൽഎ കൃഷ്ണനാഥ് റായിയെ കൊന്ന കേസിൽ പത്തു വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. 2005 മുതൽ പഞ്ചാബിലെയും യുപിയിലെയും വിവിധ ജയിലുകളിലായി കഴിയുകയാണ് അൻസാരി. ഉത്തർപ്രദേശിലെ മവൂ നിയമസഭാ മണ്ഡലത്തിൽ നിന്ന് അഞ്ചുതവണ എംഎൽഎ ആയിരുന്നു. രണ്ടുതവണ ബിഎസ്പി സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top