മെഡിക്കൽ ഷോപ്പിൽ കഞ്ചാവ് വലിക്കുള്ള സാമഗ്രികള്‍; കൊച്ചിയിലെ സ്പെക്ട്രം ഫാർമയിലെ ലഹരി വില്‍പന പിടികൂടി എക്സൈസ്


വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും ലഹരി മരുന്നായി ഉപയോഗിക്കുന്ന ഗുളികകൾ മെഡിക്കൽ ഷോപ്പ് നിയമ വിരുദ്ധമായി വിറ്റഴിച്ചതായി കണ്ടെത്തി. കടവന്ത്രയിൽ പ്രവർത്തിക്കുന്ന സ്പെക്ട്രം ഫാർമയാണ് അനധികൃത ലഹരി മരുന്ന് വിൽപ്പന നടത്തിയത്. കഞ്ചാവ്, പുകവലി ഉപയോഗത്തെ പ്രോൽസാഹിപ്പിക്കുന്ന വസ്തുക്കളും പിടികൂടി. മെഡിക്കൽ ഷോപ്പിൽ ഓസിബി സിഗരറ്റ് റോളിംഗ് പേപ്പറുകളുടെ വൻശേഖരമാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെൻ്റ് നടത്തിയ സംയുക്ത പരിശോധനയിൽ കണ്ടെത്തിയത്. മെഡിക്കൽ ഷോപ്പിൻ്റെ മറവിൽ വേദനസംഹാരിയായി ഉപയോഗിക്കുന്ന മരുന്നുകൾ അനധികൃതമായി വിൽക്കുന്നുവെന്ന് എക്സൈസ് കമ്മിഷണർ മഹിപാൽ യാദവിന് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

സ്കൂൾ കുട്ടികളും യുവാക്കളും ലഹരിക്കായി ഉപയോഗിക്കുന്ന ട്രമഡോൾ (Tramadol) ഗുളികകൾ വൻതോതിൽ വാങ്ങുകയും യാതൊരുവിധ രേഖകളും ഇല്ലാതെ വിൽക്കുന്നതായും പരിശോധനയിൽ തെളിഞ്ഞു. 2024 ജൂലൈ മുതൽ സ്പെക്ട്രം ഫാർമ 20910 ഗുളികകളാണ് വാങ്ങിയത്. അതിൽ 18535എണ്ണം വിൽപ്പന നടത്തി. ഇതിൽ 2758 ഗുളികകൾ ഒരു രേഖകളും ഇല്ലാതെ വിറ്റഴിച്ചെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ലഹരി വസ്തുവായി ഉപയോഗിക്കുന്ന സ്പാസ്മോനിൽ (spasmonil) ഗുളികളും ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ അല്ലാതെ വൻതോതിൽ വിൽപ്പന നടത്തിയിട്ടുണ്ട്. കഞ്ചാവ്, പുകവലി ഉപയോഗത്തെ പ്രോൽസാഹിപ്പിക്കുന്ന തരത്തിലുള്ള വസ്തുക്കൾ വിൽക്കുന്നതിനെതിരെ നേരത്തെ മെഡിക്കൽ ഷോപ്പിന് നോട്ടീസ് നൽകിയിരുന്നുവെന്നും എക്സൈസ് വ്യക്തമാക്കി.

മെഡിക്കൽ ഷോപ്പ് ലൈസൻസിൻ്റെ മറവിൽ നടക്കുന്ന ഇത്തരം പ്രവണതകൾ സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. ഭാവി തലമുറയെ നശിപ്പിക്കുന്നതുമായ ഇത്തരം അനധികൃത മയക്ക് മരുന്ന് വിൽപ്പന നടത്തുന്നതിനെതിരെ ശക്തമായ തുടർ നടപടികൾ കൈക്കൊള്ളും. ഷോപ്പിൻ്റെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെൻ്റ് പറഞ്ഞു.

വേദന സംഹാരി ആയി ഉപയോഗിക്കുന്ന ട്രമഡോൾ പോലുള്ള ഗുളികകൾ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 5 ഗ്രാമിൽ അധികം കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന് തടവ് കിട്ടാവുന്ന കുറ്റമാണ്. ഇത്തരം ഗുളികകൾ നിയമ വിരുദ്ധമായി മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങുന്ന ആൾക്കാരെ അടക്കം കണ്ടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സ്പെക്ട്രം ഫാർമയുടെ ഉടമയ്ക്ക് എറണാകുളം ജില്ലയിൽ 13 മെഡിക്കൽ ഷോപ്പുകളുണ്ട്. വരും ദിവസങ്ങളിൽ അവിടെയും പരിശോധന നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

മധ്യ മേഖല ജോയിൻ്റ് എക്സൈസ് കമ്മിഷണർ എൻ അശോക് കുമാറിൻ്റെ നിർദേശാനുസരണം നടത്തിയ പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീരാജ്, ഡ്രഗ് ഇൻസ്പെക്ടർ റ്റെസി തോമസ്, ഗ്ലാഡിസ് പി കാച്ചപ്പിള്ളി, എക്സൈസ് ഇൻസ്പെക്ടർ പ്രമോദ്, പ്രിവൻ്റീവ് ഓഫീസർ പ്രദീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കാർത്തിക്, ജിജി അശോകൻ, ബദർ എന്നിവർ പങ്കെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top