‘ദൃശ്യ’ത്തിന്‍റെ പേരുദോഷം മാന്നാർ കൊലപാതകം നീക്കുമോ; ശ്രീകലയെ കൊന്ന് കുഴിച്ചിട്ടത് സിനിമക്ക് നാലുവർഷം മുൻപേ

ദൃശ്യം സിനിമയ്ക്ക് മുന്‍പേ തന്നെ ദൃശ്യം മോഡല്‍ കൊല നടന്നോ? ആലപ്പുഴ മാന്നാറിലെ ശ്രീകലയുടെ ദുരൂഹ തിരോധാനത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തോടെ ഈ കാര്യത്തില്‍ വ്യക്തത വരും. 2013ലാണ് ദൃശ്യം സിനിമ പുറത്തിറങ്ങിയത്. 2009 ഒക്ടോബറിലാണ് ശ്രീകലയെ കാണാതാകുന്നത്. യുവതിയെ ചൊല്ലി ഒരു അന്വേഷണവും നടന്നില്ല. ഭര്‍ത്താവ് രണ്ടാം വിവാഹം കഴിക്കുകയും ചെയ്തു. ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൊന്നു സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടു എന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പതിനഞ്ച് വര്‍ഷം മുന്‍പ് നടന്ന ഒരു തിരോധാനക്കേസിനു ജീവന്‍ വയ്ക്കുന്നത് പോലീസ് സ്റ്റേഷനില്‍ ലഭിച്ച ഊമക്കത്തിനെ തുടര്‍ന്നാണ്. യുവതിയുടെ ഭര്‍ത്താവുമായി ബന്ധമുള്ള നാല് പേരാണ് കസ്റ്റഡിയില്‍ തുടരുന്നത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധന നടത്തുന്നത്.

ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു യുവാവിന്റെ കൊലപാതകം നടക്കുകയും അത് മറച്ചുവയ്ക്കാന്‍ ആസൂത്രിതമായ കള്ളക്കഥ മെനയുന്നതാണ് ദൃശ്യം സിനിമയുടെ ഇതിവൃത്തം. സിനിമയ്ക്ക് രണ്ടാം ഭാഗം വന്നെങ്കിലും കൊലപാതകത്തിന്റെ രഹസ്യം അതേപടി തുടരുകയാണ്. ദൃശ്യം സിനിമ വന്നപ്പോള്‍ ഡിജിപി സെന്‍കുമാര്‍ സിനിമയ്ക്ക് എതിരെ രംഗത്തുവന്നിരുന്നു.

സിനിമ തെറ്റായ സന്ദേശം നല്‍കുന്നുവെന്നാണ് സെന്‍കുമാര്‍ പറഞ്ഞത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് മോഹന്‍ലാല്‍ ഈ കാര്യം ആലോചിക്കണമായിരുന്നെന്നും സ്ത്രീകള്‍ ബ്ലാക്ക് മെയിലിംഗില്‍ അകപ്പെട്ടാല്‍ പോലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും സെന്‍കുമാര്‍ പറഞ്ഞു. അഭിപ്രായ പ്രകടനം വിവാദമായി. എതിര്‍ത്തും അനുകൂലിച്ചുമൊക്കെ പ്രതികരണങ്ങള്‍ വന്നു. ദൃശ്യം മോഡല്‍ കൊലകള്‍ സംഭവിച്ചപ്പോള്‍ പഴി സിനിമയ്ക്ക് ആയി. സെന്‍കുമാറിന്റെ നിരീക്ഷണം ശരിയായെന്നുമുള്ള അഭിപ്രായങ്ങള്‍ വീണ്ടും പൊന്തിവരുകയും ചെയ്തു.

എന്തായാലും ദൃശ്യം സിനിമ ഒരു നിമിത്തമായിരുന്നു. തീര്‍ത്തും നിഗൂഡമായ കൊലകളിലേക്ക് വെളിച്ചം വിതറുകയാണ് സിനിമ ചെയ്തത്. ഈ രീതിയില്‍ കൊലകള്‍ നടക്കുമ്പോള്‍ സിനിമ വീണ്ടും വീണ്ടും ചര്‍ച്ചയാവുകയും ചെയ്തു. ഇപ്പോള്‍ മാന്നാറിലെ കലയുടെ ദുരൂഹ തിരോധാനവും ദൃശ്യം മോഡല്‍ കൊല വാര്‍ത്തകളില്‍ നിറയാന്‍ കാരണമാവുകയാണ്. കലയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ പരിശോധനകള്‍ തുടരുകയാണ്. ദൃശ്യത്തിന്റെ കഥയും തിരക്കഥയും സംവിധായകന്‍ ജിത്തു ജോസഫ് തന്നെയായിരുന്നു. ജിത്തു ഈ കഥ ആലോചിക്കും മുന്‍പ് തന്നെ ഇത്തരം ഒരു സംഭവം കലയുടെ ഭര്‍ത്താവ് യാഥാര്‍ഥ്യമാക്കിയോ എന്നാണ് ഇനി അറിയാനുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top