ഡിസിസി ഇടപെട്ടു; നവകേരള സദസിന് പണം നൽകില്ലെന്ന് ശ്രീകണ്ഠപുരം നഗരസഭ
കണ്ണൂർ: നവകേരള സദസിന് പണം അനുവദിച്ച തീരുമാനം പിൻവലിക്കുമെന്ന് യുഡിഎഫ് ഭരിക്കുന്ന ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ കെ.വി. ഫിലോമിന. വിഷയത്തിൽ കണ്ണൂർ ഡിസിസി ഇടപെട്ടതിനെത്തുടർന്നാണ് തീരുമാനം പിൻവലിച്ചത്. ഇന്നലെയാണ് പാർട്ടി സർക്കുലർ വന്നത്. വെള്ളിയാഴ്ച ചേർന്ന നഗരസഭ കൗൺസിലിലാണ് പണം നൽകാൻ തീരുമാനം എടുത്തത്. തീരുമാനത്തിൽ ഒപ്പു വച്ചിട്ടില്ല. പാർട്ടി പറയുന്നത് അനുസരിക്കും. ഉടൻ തന്നെ അടുത്ത കൗൺസിൽ ചേർന്ന് തീരുമാനം പിൻവലിക്കുമെന്നും ഫിലോമിന മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
സംഭവത്തിൽ നഗരസഭയ്ക്ക് ജാഗ്രത കുറവ് ഉണ്ടായി. ഔദ്യോഗിക അറിയിപ്പ് ഇന്നലെയാണ് നൽകിയതെങ്കിലും പണം നൽകണ്ടെന്ന് നേരത്തെ തന്നെ കോൺഗ്രസിൽ ധാരണയുണ്ടായിരുന്നു. ചെയർപേഴ്‌സണുമായി സംസാരിച്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. നവകേരള സദസിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പണം നൽകണമെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി ഉത്തവിറക്കിയിരുന്നു. എന്നാൽ നവകേരള സദസുമായി യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ ഒരു വിധത്തിലും സഹകരിക്കില്ലെന്ന് മുന്നണി നേരത്തെ അറിയിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here