സിപിഐ ജില്ലാ സെക്രട്ടറിയെ തെറിപ്പിച്ച കത്ത് പുറത്ത്; കടുത്ത അപവാദം പ്രചരിപ്പിച്ചതിൻ്റെ തെളിവുകളുമായി ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി; പാർട്ടിക്കുള്ളിലെ പിരിവിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളും
പത്തനംതിട്ട: സിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന എ.പി.ജയന് പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും നഷ്ടമാകാന്‍ കാരണമായ വിവാദപരാതിയുടെ കോപ്പി മാധ്യമ സിന്‍ഡിക്കറ്റിന് ലഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് നല്‍കിയ കത്താണിത്.
വിസ്ഫോടനാത്മകമായ കത്തിന്റെ പേരില്‍ ജയന് സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനം ഉള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളും നഷ്ടമായി. ഗുരുതരമായ ആരോപണങ്ങളാണ് കത്തില്‍ ശ്രീനാദേവി ഉന്നയിച്ചിരിക്കുന്നത്. വ്യക്തിഹത്യയും അപവാദപ്രചാരണവും പണം പിടുങ്ങലുമൊക്കെയുള്ള ജയന്റെ ചെയ്തികളുടെ പൂര്‍ണ ചിത്രമാണിത്.
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പാര്‍ട്ടി നേതൃത്വം തന്നെ തീരുമാനിച്ചത് മുതല്‍ എ.പി.ജയന്‍ കളി തുടങ്ങിയെന്ന് കത്തില്‍ പറയുന്നു. 12 ലക്ഷം രൂപയാണ് സ്ഥാനാര്‍ഥിയായ വേളയില്‍ ജയന്‍ ആവശ്യപ്പെട്ടത്. നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ ആദ്യം രണ്ട് ലക്ഷം രൂപയും പിന്നീട് മൂന്ന് ലക്ഷം രൂപയും നല്‍കി. അഞ്ച് ലക്ഷം നല്‍കിയ ശേഷം പിന്നീട് ബാക്കി തുകയായ ഏഴ് ലക്ഷം രൂപ തന്നില്‍ നിന്നും ഈടാക്കാന്‍ നിരന്തര മാനസിക പീഡനം നടത്തി.
ലിവിംഗ് ടുഗതര്‍ റിലേഷനുണ്ടെന്ന് പറഞ്ഞുപരത്തി
ഒരു സ്ത്രീ ഒരിക്കലും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആരോപണങ്ങള്‍ വ്യാപകമായി പറഞ്ഞു പരത്തി. അവിവാഹിതയായ തനിക്ക് ജീവിതത്തില്‍ ഏറ്റ വലിയ തിരിച്ചടികളായി ഈ ആരോപണങ്ങള്‍ മാറി. പാര്‍ട്ടി നേതാക്കളെയും പുറത്ത് നിന്നുള്ളവരെയും തന്റെ പേരുമായി ബന്ധപ്പെടുത്തി പ്രചാരണം നടത്തി. തനിക്ക് എറണാകുളത്തുള്ള ഒരു ബിസിനസുകാരനായി ലിവിംഗ് ടുഗതര്‍ റിലേഷനുണ്ടെന്ന് ജില്ലാ സെക്രട്ടറി പലരോടും പറഞ്ഞു. ഇതെല്ലാം തന്റെ ശ്രദ്ധയില്‍പ്പെട്ടു.
എവൈഎഫ്ഐ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ നടന്നപ്പോള്‍ മൂന്ന് സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ തനിക്കൊപ്പം കാറില്‍ പോയതിനെക്കുറിച്ച് മോശമായ രീതിയില്‍ ജില്ലാ സെക്രട്ടറി പ്രചാരണം നടത്തി. സഹോദര തുല്യരായ സഹപ്രവര്‍ത്തകരൊന്നിച്ചാണ് കണ്ണൂരിലേക്ക് യാത്ര പോയത്. ജില്ലാ സെക്രട്ടറിയുടെ ഈ അപവാദപ്രചാരണം കടുത്ത അപമാനവും മനോവേദനയുമായി. ഇങ്ങനെ അക്കമിട്ട പരാതികളാണ് ശ്രീനാദേവി ഉന്നയിക്കുന്നത്.
ശ്രീനാദേവിയുടെ കത്തില്‍ പറയുന്ന മറ്റ് കാര്യങ്ങള്‍:
“ഞാന്‍ പാര്‍ട്ടിയുടെ പത്തനംതിട്ട ജില്ലയില്‍ അടൂര്‍ കടമ്പനാട് ടൌണ്‍ ബ്രാഞ്ച് കമ്മറ്റിയംഗവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും എന്‍എഫ്ഐഡബ്ല്യു യങ്ങ് വിമന്‍സ് കമ്മറ്റി ദേശീയ സമിതിയംഗവും എവൈഎഫ്ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും യുവകലാസാഹിതി ജില്ലാ കമ്മറ്റിയംഗവുമാണ്. ജില്ലാ പഞ്ചായത്ത് പുളിക്കല്‍ ഡിവിഷനില്‍ എന്നെ സ്ഥാനാര്‍ഥിയാക്കി തീരുമാനിക്കുകയും 5861 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാനും കഴിഞ്ഞു.
തിരഞ്ഞെടുപ്പിനിടെ പാര്‍ട്ടി ജില്ലാ സെക്രട്ടറി എ.പി.ജയന്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.മുരുഗേഷ് എന്നിവര്‍ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 12 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായി അഞ്ച് ലക്ഷം രൂപ നല്‍കി. പണമില്ലെങ്കില്‍ മത്സരിക്കേണ്ടെന്നും വിജയസാധ്യതയുള്ള മറ്റൊരാളെ മത്സരിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി എന്നോടും അമ്മയോടും പറഞ്ഞു. ജയത്തിനു ശേഷം താന്‍ പണംമുടക്കിയാണ് ശ്രീനയെ ജയിപ്പിച്ചതെന്ന് പലരോടും പറഞ്ഞു.
ഏഴ് ലക്ഷം നല്‍കാത്തതിന്റെ പേരില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആകാനുള്ള എന്റെ അവസരം തട്ടിത്തെറിപ്പിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് കണക്കുകൊടുക്കുന്ന ഘട്ടത്തില്‍ കുറെയധികം ബില്ലുകള്‍ എന്നെക്കൊണ്ട് നിര്‍ബന്ധപൂര്‍വം അടപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മാത്രമേ തിരഞ്ഞെടുപ്പ് കണക്കുകള്‍ പൂര്‍ണ രീതിയില്‍ നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് എന്നെ അറിയിച്ചു. എന്നെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കി. എന്റെ ഒരു പോസ്റ്റര്‍ പോലും മണ്ഡലത്തില്‍ പതിക്കാതിരിക്കാന്‍ സഖാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഞാന്‍ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളില്‍ സജീവമല്ല എന്ന പ്രചാരണം ബോധപൂര്‍വം നടത്തി. എനിക്ക് നേരെയുള്ള അപവാദ പ്രചാരണങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വം നടപടി കൈക്കൊള്ളണം.” ഇതാണ് പരാതിയില്‍ ഉന്നയിച്ചത്.
ശ്രീനാദേവിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 30ന് എ.പി.ജയനെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നേതൃത്വം ഒഴിവാക്കി. ഈ 28ന് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തില്‍ ജയനെതിരെയുള്ള പാര്‍ട്ടി നടപടികള്‍ ചര്‍ച്ചയാകും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here