യൂട്യൂബ് ഡയറ്റിൽ അന്നനാളം ചുരുങ്ങി; പട്ടിണിമൂലം പതിനെട്ടുകാരിക്ക് ദാരുണാന്ത്യം

വണ്ണം വയ്ക്കുമെന്ന ഭയത്തിൽ ഭക്ഷണം ഒഴിവാക്കി കഠിനവ്യായാമവും നടത്തിപ്പോന്ന പെൺകുട്ടിക്ക് വേണ്ടിയിരുന്നത് കൗൺസലിങ് അടക്കം ചികിത്സകളെന്ന് ഡോക്ടർമാർ. എന്നാൽ മരണശേഷം മാത്രമാണ് ഇത്ര ഗുരുതരമായിരുന്നു പ്രശ്നമെന്ന് വീട്ടുകാരടക്കം തിരിച്ചറിഞ്ഞത്. ദിവസങ്ങളായി വെൻ്റിലേറ്റർ സഹായത്തിലാണ് ജീവൻ നിലനിർത്തിയ കൂത്തുപറമ്പ് കൈതേരികണ്ടി വീട്ടില്‍ എം ശ്രീനന്ദ (18) ആണ് മരിച്ചത്.
അനോറെക്സിയ നെർവോസ
വണ്ണം വെക്കുമോ എന്ന ആശങ്കയിൽ ഭക്ഷണം ഒഴിവാക്കുന്നതും, അതിൻ്റെ പേരിൽ ആധി ഉണ്ടാകുന്നതുമായ പ്രത്യേക മാനസികാവസ്ഥയാണ് അനോറെക്സിയ നെർവോസ (Anorexia Nervosa). പാശ്ചാത്യ രാജ്യങ്ങളിൽ ഈ രോഗാവസ്ഥ സാധാരണമാണ് എങ്കിലും കേരളത്തിൽ അധികം കണ്ടെത്തിയിട്ടില്ല. അതിനാൽ തന്നെ ശ്രീനന്ദയുടെ കാര്യത്തിൽ ഇക്കാര്യം പരിഗണിച്ചില്ല എന്നാണ് സൂചന. ഇത് സാരമായി ബാധിച്ചെന്ന് തിരിച്ചറിഞ്ഞപ്പോഴേക്ക് വൈകി.
നാളുകളായി ഏറെക്കുറെ വെള്ളം മാത്രമായിരുന്നു ശരീരത്തിലേക്ക് എത്തിയത്. വണ്ണം കൂടുതലാണെന്ന ധാരണയില്‍ ഭക്ഷണം കാര്യമായി ഒഴിവാക്കിയ ശ്രീനന്ദ, യൂട്യൂബിലൂടെ ചില ഡയറ്റ് പ്ലാനുകൾ ശീലിച്ചതായും സൂചനയുണ്ട്. ഇതേതുടർന്ന് ആമാശയവും അന്നനാളവും ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകൾ. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീനന്ദയെ പിന്നീട് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മട്ടന്നൂര്‍ പഴശ്ശിരാജ എൻ.എസ്.എസ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാർഥിയായിരുന്നു ശ്രീനന്ദ. പഠനത്തിൽ മിടുക്കിയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here