4ദിനം കൊണ്ട് വിറ്റത് 14ലക്ഷം ലഡ്ഡു; വിവാദം തിരുപ്പതി ലഡ്ഡുവിനെ ബാധിച്ചില്ല
തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണം ആന്ധ്രാപ്രദേശിൽ രാഷ്ട്രീയ സംഘർഷത്തിന് കാരണമായെങ്കിലും വിൽപനയെ ഒട്ടും ബാധിച്ചില്ലെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ 4 ദിവസത്തിനിടെ 14 ലക്ഷം തിരുപ്പതി ലഡ്ഡു വിറ്റതായി ക്ഷേത്ര ഭരണകൂടം അറിയിച്ചു. സെപ്റ്റംബർ 19 ന് 3.59 ലക്ഷം ലഡ്ഡുകളും സെപ്റ്റംബർ 20 ന് 3.17 ലക്ഷവും സെപ്റ്റംബർ 21 ന് 3.67 ലക്ഷവും സെപ്റ്റംബർ 22 ന് 3.60 ലക്ഷവും വിറ്റു.
പ്രതിദിനം 60,000 തീർഥാടകർ എത്തുന്ന ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രശസ്ത പ്രസാദമായ തിരുപ്പതി ലഡ്ഡുവിന്റെ പ്രതിദിന ശരാശരി വൽപന 3.50 ലക്ഷമാണെന്ന് കണക്കുകൾ കാണിക്കുന്നു. ദിവസവും മൂന്ന് ലക്ഷത്തിലധികം ലഡ്ഡുകളാണ് ക്ഷേത്രത്തിൽ തയ്യാറാക്കുന്നത്. ക്ഷേത്രം സന്ദർശിക്കുന്ന തീർഥാടകർ തിരുപ്പതി ലഡ്ഡു വാങ്ങാതെ പോകാറില്ല. ബംഗാൾ ഗ്രാം, പശുവിൻ നെയ്യ്, പഞ്ചസാര, കശുവണ്ടി, ഉണക്കമുന്തിരി, ബദാം എന്നിവ ചേർത്താണ് തിരുപ്പതി ലഡ്ഡു തയ്യാറാക്കുന്നത്. ദിവസവും 15,000 കിലോ പശുവിൻ നെയ്യാണ് ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്നത്.
ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ ഭരണകാലത്ത് ലഡ്ഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ ചേരുവകളും ഉപയോഗിച്ചെന്ന ആന്ധാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു ആരോപമാണ് വിവാദത്തിന് തിരികൊളുത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here