വയനാട് ദുരന്തത്തിന് ഇരയായ ശ്രുതിക്കും ജെന്‍സണും വാഹനാപകടത്തില്‍ പരുക്ക്; ഒന്‍പതുപേര്‍ ആശുപത്രിയില്‍

വയനാട് ബസും വാനും കൂട്ടിയിടിച്ച് പരിക്കേറ്റവരില്‍ വയനാട് ദുരന്തത്തിന് ഇരയായ ശ്രുതിയും ജെന്‍സണും. അപകടത്തില്‍ ഒന്‍പതുപേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെന്‍സണ് തലയ്ക്ക് പരുക്കേറ്റതിനാല്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വയനാട് ദുരന്തത്തില്‍ ശ്രുതിയുടെ കുടുംബത്തില്‍ ബാക്കിയായത് ശ്രുതി മാത്രമാണ്. ബന്ധുവീട്ടിലായതിനാല്‍ ദുരന്തത്തിന് ഇരയായില്ല. ഡിസംബറില്‍ വിവാഹം തീരുമാനിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള വിവാഹനിശ്ചയവും നടന്നിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്ക് ഇടയിലാണ് ദുരന്തം ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ വന്നത്. വിവാഹാവശ്യത്തിന് സ്വരുക്കൂട്ടിയ നാലരലക്ഷം രൂപയും പതിനഞ്ച് പവനും ഉരുളില്‍ നഷ്ടമായിരുന്നു.
കഴിഞ്ഞ ജൂലൈ 31ന് രാത്രിയാണ് കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാകുന്നത്. ഉരുള്‍പൊട്ടലില്‍ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങള്‍ പൂര്‍ണമായി ഇല്ലാതായി.പുഴ വഴിമാറി ഒഴുകിയപ്പോള്‍ പാലം തകരുകയും ഒരു ഗ്രാമം ഒന്നാകെ ഒലിച്ചുപോവുകയും ചെയ്തു. ഒട്ടനവധി ജീവനുകള്‍ ദുരന്തത്തില്‍ നഷ്ടമായി.
നാനൂറിലധികം പേര്‍ മരിച്ചതായി സൂചനയുണ്ടെങ്കിലും സര്‍ക്കാര്‍ സ്ഥിരീകരിച്ചത് 231 മരണമാണ്. 128 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഈ ദുരന്തത്തിലാണ് ശ്രുതിക്ക് മാതാപിതാക്കളെയും സഹോദരിയെയും നഷ്ടമായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here