കേന്ദ്രപോലീസിലേക്ക് ഇനി മലയാളത്തിലും പരീക്ഷയെഴുതി കയറാം; കോൺസ്റ്റബിൾ പരീക്ഷ 13 പ്രാദേശിക ഭാഷകളില്‍
ഡല്‍ഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്‌സി) നടത്തുന്ന പ്രധാന പരീക്ഷകളിലൊന്നാണ് കേന്ദ്ര സായുധ പോലീസ് സേനയിലെ കോൺസ്റ്റബിൾ ജിഡി പരീക്ഷ. ഇനി മുതല്‍ ഈ പരീക്ഷ മാതൃഭാഷയില്‍ എഴുതാം. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ, ഇതാദ്യമായി 13 പ്രാദേശിക ഭാഷകളിലായാണ് പരീക്ഷ നടത്തുന്നത്. 2024 ഫെബ്രുവരി 20 മുതൽ മാർച്ച് 7 വരെ രാജ്യത്തെ 128 നഗരങ്ങളിലായി 48 ലക്ഷം ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതുന്നത്.
2024 ജനുവരി 1 മുതൽ 13 പ്രാദേശിക ഭാഷകളിൽ കോൺസ്റ്റബിൾ പരീക്ഷ നടത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. കേന്ദ്ര സായുധ പൊലീസ് സേനയിൽ പ്രാദേശിക യുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുക, പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി ഭാഷകളിലായാണ് പരീക്ഷ എഴുതാന്‍ കഴിയുക.
13 പ്രാദേശിക ഭാഷകളില്‍ പരീക്ഷ നടത്തുന്നതിനുള്ള ധാരണാപത്രത്തിൽ ആഭ്യന്തര മന്ത്രാലയവും സ്റ്റാഫ് സെലക്ഷൻ കമ്മീഷനും ഒപ്പുവച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here