ക്ഷേമപെൻഷൻ അവകാശമല്ല, വെറും സഹായം; എപ്പോൾ വിതരണം ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കും; സത്യവാങ്മൂലത്തിൽ ഞെട്ടി പെൻഷൻകാർ
തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ അവകാശമല്ലെന്നും സഹായം മാത്രമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തിരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യത്തിൽ നിൽക്കുമ്പോൾ സർക്കാരിൻ്റെ നീക്കം തിരിച്ചടിയാകുമെന്ന ഭയത്തിലാണ് ഇടത് സ്ഥാനാർത്ഥികൾ. ക്ഷേമ പെന്‍ഷന്‍ നല്‍കാനെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ മദ്യത്തില്‍ നിന്നും ഇന്ധനത്തില്‍ നിന്നും സെസ് പിരിക്കുന്നുണ്ട് എന്നും എന്നിട്ടും കൃത്യമായി പെന്‍ഷന്‍ നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്.
ക്ഷേമ പെന്‍ഷനുകൾ കൃത്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.എ.എ.ഷിബിയാണ് പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനുള്ള മറുപടിയിലാണ് ക്ഷേമ പെന്‍ഷന്‍ അവകാശമല്ലെന്ന് ഇതാദ്യമായി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സ്റ്റാറ്റ്യൂട്ടറി പെൻഷൻ പോലെയല്ല ക്ഷേമ പെൻഷൻ. ഇത് കേവലം സർക്കാർ നൽകുന്ന സഹായധനം മാത്രമാണ്. പെൻഷൻ എപ്പോൾ വിതരണം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം സർക്കാരിനാണ്. സാമ്പത്തിക പരാധീനത മൂലം കൃത്യമായി വിതരണം ചെയ്യാൻ കഴിയുന്നില്ല എന്ന് മാത്രം. ഇതാണ് സത്യവാങ്മൂലത്തിൻ്റെ ഉള്ളടക്കം.
500 മുതല്‍ 999 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് 20 രൂപയും, 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് സെസ് ഈടാക്കുന്നത്. ഒരു ലിറ്റര്‍ പെട്രോള്‍/ഡീസല്‍ എന്നിവയില്‍ നിന്ന് 2 രൂപയും സെസ് ഉണ്ട്. ക്ഷേമ പെന്‍ഷന്‍ നല്‍കാനെന്ന പേരിൽ ഇതെല്ലാം പിരിച്ച ശേഷമാണ് പെൻഷൻ അവകാശമല്ല എന്ന് പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ ഏഴ് മാസമായി പെൻഷൻ വിതരണം മുടങ്ങിക്കിടക്കുകയാണ്. റമദാൻ-വിഷു പ്രമാണിച്ച് ഇന്ന് മുതൽ രണ്ട് മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 2023 ഡിസംബര്‍, 2024 ജനുവരി, ഫെബുവരി, മാര്‍ച്ച് എന്നീ നാല് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഇനിയും കുടിശികയായി കിടക്കും. 6400 രൂപ വീതം ഓരോ ക്ഷേമ പെന്‍ഷന്‍കാരനും നാലുമാസത്തെ കുടിശികയായി ലഭിക്കേണ്ടതാണ്. ഏപ്രില്‍ 26നാണ് തെരഞ്ഞെടുപ്പ്. ഏപ്രില്‍ 30 ആകുമ്പോള്‍ ക്ഷേമ പെന്‍ഷന്‍ കുടിശിക അഞ്ചുമാസം ആകും. അതായത് കുടിശിക 8000 രൂപയാകും. ഇങ്ങനെ അഞ്ച് മാസത്തെ തുക പ്രതീക്ഷിച്ചിരിക്കുന്ന അരലക്ഷത്തിന് മുകളിലുള്ള ക്ഷേമ പെന്‍ഷന്‍കാരുടെ നെഞ്ചിൽ ഇടിത്തീയാകും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here