സ്റ്റാര്‍ ഹെല്‍ത്തിനെതിരെ ജില്ലാ ഉപഭോക്തൃകോടതി; കോവിഡ് ചികിത്സയ്ക്ക് തുക നിഷേധിച്ചത് അംഗീകരിക്കാനാവില്ല; ഇന്‍ഷൂറന്‍സ് കമ്പനി മുക്കാല്‍ ലക്ഷം പരാതിക്കാരന് നല്‍കണം

കൊച്ചി: കോവിഡ് ചികിത്സയ്ക്ക് തുക അനുവദിക്കാതിരുന്ന സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ചികിത്സയ്ക്ക് ചെലവായ തുകയും നഷ്ടപരിഹാരവും നല്‍കണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.
എറണാകുളം പുത്തൻ കുരിശ് സ്വദേശി റെജി ജോൺ സമർപ്പിച്ച പരാതിയിലാണ് ഡി.ബി.ബിനു പ്രസിഡന്റായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ വിധി വന്നത്. വിധി വന്നതോടെ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ചികിത്സ ചെലവായ 46,203 രൂപയും നഷ്ടപരിഹാരമായി 30,000 രൂപയും പരാതിക്കാരന് നല്‍കണം. 45 ദിവസത്തിനുള്ളില്‍ തുക നല്‍കണം.
വ്യാപാരി വ്യവസായി സംഘടനയുടെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രകാരമാണ് ഡ്രൈവറായ പരാതിക്കാരൻ എതിർകക്ഷിയിൽ നിന്നും റെഡ് കാർപ്പറ്റ് ഇൻഷുറൻസ് പോളിസി എടുത്തത്. 2021 ജനുവരിയിൽ ഡെങ്കിപ്പനിയും കോവിഡും വന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്യാഷ് ലെസ്സ് ചികിത്സയ്ക്ക് അവകാശം ഉണ്ടായിരുന്നിട്ടും ആശുപത്രി ചെലവ് നൽകാൻ എതിർകക്ഷി തയ്യാറായില്ല.
ഇൻഷുറൻസ് കമ്പനിയുടെ അംഗീകാരമുള്ള ആശുപത്രിയിൽ തന്നെയാണ് അഡ്മിറ്റ് ആയത്. ക്ലെയിം അനുവദിക്കുന്നതിന് ആവശ്യമായ മുഴുവൻ ഒറിജിനൽ രേഖകളും പരാതിക്കാരൻ ഹാജരാക്കിയില്ല എന്ന നിലപാടാണ് എതിർകക്ഷി കോടതി മുമ്പാകെ സ്വീകരിച്ചത്.
ക്യാഷ് ലെസ്സ് ചികിത്സയ്ക്ക് അവകാശമുണ്ടായിട്ടും കോവിഡ് ചികിത്സാ ചെലവ് നൽകാതിരുന്ന എതിർകക്ഷിയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് കോടതി വിലയിരുത്തി. ഡ്രൈവറായ പരാതിക്കാരന് ഏറെ മന:ക്ലേശവും സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കിയ നടപടിയാണ് എതിര്‍കക്ഷികളില്‍ നിന്നും വന്നത്. ഇതെല്ലാം പരിഗണിച്ചാണ് കോടതി വിധി വന്നത്. പരാതിക്കാരനു വേണ്ടി അഡ്വ. സോണിമോൻ.കെ.മാത്യു ഹാജരായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here